പറവൂര്‍ പീഡനക്കേസ് അസി. പ്രോസിക്യൂട്ടര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി

 

കൊച്ചി: പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിലെ പ്രതികളെ സ്വാധീനിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന്‍ ശ്രമിച്ചതിന് തെളിവ്. അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും വിഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.

പറവൂര്‍ പീഡനക്കേസിലെ പല പ്രതികളില്‍ നിന്നും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണ സംഘം രഹസ്യ ഓപ്പറേഷന്‍ നടത്തിയത്.

കേസില്‍ കുടുക്കാതിരിക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ഫോണ്‍ സംഭാഷണങ്ങളും പണം നല്‍കാന്‍ എത്തിയതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും ചിത്രീകരിച്ച ശേഷമാണ് ഓപ്പറേഷന്‍. ഏതാണ്ട് മൂന്നരമണിക്കൂറോളം സമയം നീണ്ടു നില്‍ക്കുന്ന ഫോണ്‍ സംഭാഷണമാണുള്ളത്. നേരത്തെ പ്രോസിക്യൂട്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികായിരുന്നു.

എന്നാല്‍, ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് അഡ്വ. അയൂബ് ഖാന്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറ!ഞ്ഞു.

© 2024 Live Kerala News. All Rights Reserved.