ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ഗുസ്തി താരം നര്‍സിങ് യാദവിനുപകരം റിയോ ഒളിംപിക്‌സില്‍ പ്രവീണ്‍ റാണ മല്‍സരിച്ചേക്കും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നര്‍സിങ് യാദവിന്റെ ഉത്തേജക മരുന്ന് ഉപയോഗം തെളിഞ്ഞാലാണ് റാണയെ പരിഗണിക്കുക.2014 ല്‍ അമേരിക്കയില്‍ നടന്ന ഡേവ് ഷൂല്‍സ് അനുസ്മരണ ഗുസ്തി ടൂര്‍ണമെന്റില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് റാണ.
മുന്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ നിയമപോരാട്ടങ്ങളിലൂടെ മറികടന്ന് റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ച താരമാണ് നര്‍സിങ്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) പരിശോധനയിലാണ് നര്‍സിങ് പരാജയപ്പെട്ടത്. ജൂണ്‍ 25, ജൂലൈ അഞ്ച് തീയതികളില്‍ നാഡ നര്‍സിങ് യാദവിന്റെ രക്ത സാംപിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ രണ്ടാം തവണ ശേഖരിച്ച സാംപിളിലാണു നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്. നര്‍സിങ്ങിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങും ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍, തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്നാണ് നര്‍സിങ്ങിന്റെ ആരോപണം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും നര്‍സിങ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (ആര്‍എഫ്‌ഐ) നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ആര്‍എഫ്‌ഐ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കുകയും നര്‍സിങ്ങിന്റെ കത്ത് കൈമാറുകയും ചെയ്തിരുന്നു.