ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ ക്രൂരമര്‍ദ്ദനം; പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് യുവതികള്‍ മര്‍ദ്ദനത്തിന് ഇരയായത്; വീഡിയോ കാണാം

മന്ദ്‌സൗര്‍: ബീഫ് കൈവശം വെച്ചുയെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതികള്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനത്തിന് ഇരയായത്. വില്‍പ്പനക്കായി ജൗറയില്‍ നിന്നും മന്ദ്‌സൗറിലേക്ക് ഇവര്‍ ബീഫ് കൊണ്ടുപോകുന്നു എന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ഇവരെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. ‘സ്ത്രീകളെ ചുറ്റിപ്പറ്റി വലിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ഇതില്‍ ചില സ്ത്രീകള്‍ മുസ്‌ലിം യുവതികളെ അടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളും തറയില്‍ വീഴും വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന ചില പോലീസുകാര്‍ മര്‍ദ്ദിക്കുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.’ സംഭവത്തിനു സാക്ഷിയായ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് പൊലീസുകാര്‍ യുവതികളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരില്‍ നിന്നും 30 കിലോഗ്രാം മാംസം കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഇറച്ചി പരിശോധിച്ച പ്രാദേശിക ഡോക്ടര്‍മാര്‍ ഇത് പോത്തിറച്ചിയാണെന്നാണ് റിപ്പോര്‍ട്ടു നല്‍കിയതെന്നും പോലീസ് പറയുന്നു.

 

 

© 2024 Live Kerala News. All Rights Reserved.