ന്യൂഡല്‍ഹി: ജേലിയില്‍ മികവ് പുലര്‍ത്താതെ അലസന്‍മാരായി ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടാനിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും ഉണ്ടാകില്ല. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തവിലാണ് പുതിയ നിബന്ധനയുള്ളത്. ജോലിക്കയറ്റത്തിനുള്ള യോഗ്യതാ മാനദണ്ഡം മികച്ചത് എന്നുള്ളതില്‍ നിന്നും വളരെ മികച്ചത് എന്നാക്കി മാറ്റി. വളരെ മികച്ച മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കൂ. ജോലിയില്‍ പ്രവേശിച്ച് നിശ്ചിത കാലത്തിനുള്ളില്‍ മികവ് കാണിക്കാത്ത ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്. കാര്യശേഷിയില്ലാത്ത ജീവനക്കാര്‍ അനര്‍ഹമായ സ്ഥാനങ്ങള്‍ നേടുന്നത് തടയാനും പുതിയ ഉത്തരവിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ നിഗമനം. കേന്ദ്രസര്‍ക്കാര്‍ നടപടി പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.