മന്ത്രിസഭാ തീരുമാനങ്ങള്‍ ഒളിച്ചുവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി; തീരുമാനങ്ങളുടെ ഉത്തരവുകള്‍ ഇറങ്ങിയശേഷം കൈമാറും; മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ല

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഒളിച്ചുവെയ്ക്കുന്നെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാത്തതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതിപക്ഷം ഇതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. തീരുമാനങ്ങളുടെ ഉത്തരവുകള്‍ ഇറങ്ങിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളു.വിവരാവകാശ നിയമത്തിലും ഇക്കാര്യം പറയുന്നുണ്ട്.ഉത്തരവിറങ്ങി 48 മണിക്കൂറിനകം സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ ഇവ ലഭിക്കും. ഇതിനായി സെക്രട്ടറിയേറ്റ് മാനുവലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായിട്ടാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവരാവകാശപ്രകാരം വിവരങ്ങള്‍ കൈമാറില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.