ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുമുള്ള പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ല: ഗസ്സാന്‍ മൗമൂണ്‍

മാലി: ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യവും ശേഷിയുള്ള പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള പൈലറ്റുമാര്‍ മാലിദ്വീപ് സൈന്യത്തില്‍ ഇപ്പോഴുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നല്‍കിയത്. മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാന്‍ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സന്‍ മൗമൂണ്‍ ഇക്കാര്യം പറഞ്ഞത്.

സൈനിക ആശുപത്രിയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരെ മാറ്റാന്‍ മാലിദ്വീപ് സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് പകരം സിവിലിയന്‍മാരെ നിയമിക്കാനുള്ള കരാറില്‍ പ്രാദേശിക പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സമീര്‍ ശനിയാഴ്ച പറഞ്ഞു. ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവര്‍ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സില്‍ ഇല്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ഗസ്സന്‍ മൗമൂണ്‍ പറഞ്ഞു. വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികരുടെ പരിശീലനം പൂര്‍ത്തിയായിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയറും പറത്താന്‍ ലൈസന്‍സുള്ളവരോ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമോ ആയ ആരും ഇപ്പോള്‍ ഞങ്ങളുടെ സേനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വീപ് രാഷ്ട്രത്തിലെ എല്ലാ ഇന്ത്യന്‍ സൈനികരെയും മെയ് 10 നകം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ചു.

© 2024 Live Kerala News. All Rights Reserved.