സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തു; ശശി തരൂരിന് അയച്ച ഇമെയില്‍ മെസേജുകളെക്കുറിച്ചും ചോദിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ശശി തരൂരുമായി മെഹര്‍ തരാറിനുളള ബന്ധത്തെക്കുറിച്ചാണ് ചോദിച്ചതെന്നാണ് അറിയുന്നത്. ശശി തരൂരിന് മെഹര്‍ തരാര്‍ അയച്ച ഇമെയില്‍,ബിബിഎം മെസേജുകളെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞെന്നും വിവരങ്ങളുണ്ട്. 2015 മാര്‍ച്ചിലും മെഹര്‍ തരാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
2014 ജനുവരി 17ന് രാത്രി എട്ടു മണിയോടെയാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മൂന്നുറ്റിനാല്‍പ്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ഡോക്ടര്‍ സുധീര്‍ ഗുപ്ത ജനുവരി 20ന് വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ ഉന്നത തലത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് മാസങ്ങള്‍ക്ക് ശേഷം എയിംസ് ഡോക്ടര്‍ സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സുനന്ദ മെഹര്‍ തരാറിനെതിരെ രംഗത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.