പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നകേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍; ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഘവും ഉടന്‍ വലയിലാകുമെന്ന് പൊലീസ്

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ നാല് ബിജെപി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കക്കപ്പാറ സ്വദേശികളായ കെ വി പ്രജിത്ത് ലാല്‍ (21), വൈശാഖ്, ചിറ്റടി സ്വദേശികളായ അനൂപ്(21), സുകേശ് (24) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് നിയോഗിച്ച പ്രത്യേകസംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ബിജെപി പ്രവര്‍ത്തകന്‍ പി കെ രാമചന്ദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെയും ഉടന്‍ പിടികൂടുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ധനരാജ് വധക്കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. രാഷ്ട്രീയ വിരോധം മൂലമാണ് ധനരാജിനെ ഇവര്‍ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. പത്ത് മണിയോടെയായിരുന്നു ധനരാജിന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായി മുഖം മൂടി ധരിച്ചെത്തിയവര്‍ ധനരാജിനെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ നിലയില്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിന് പിന്നാലെ അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രനും വെട്ടേറ്റ് മരിച്ചു. വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് രാമചന്ദ്രനെ വെട്ടിയത്. ഇരു കൊലപാതകത്തിനും പിന്നിലും പ്രവര്‍ത്തിച്ചവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അധികാരികള്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.