റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പി ആര്‍ ശ്രീജേഷ് നയിക്കും; ചരിത്രനിയോഗത്തില്‍ ഈ മലയാളി ഗോള്‍കീപ്പര്‍; അഭിമാനത്തിന്റെ കൊടുമുടിയിലേക്ക് കുതിക്കുന്നത് എറണാകുളം സ്വദേശി

ന്യൂഡല്‍ഹി: റിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ അമരത്ത് ഇനി മലയാളിയുടെ മാസ്മരികത. ടീമിനെ നയിക്കാന്‍ മലയാളി ഗോള്‍ കീപ്പറായ പിആര്‍ ശ്രീജേഷിനാണ് ഈ ചരിത്രനിയോഗം. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം നായകനായി എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചു. ഒളിംപിക്‌സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയെന്ന ഖ്യാതി ഇനി ശ്രീജേഷിന് സ്വന്തം. സര്‍ദാര്‍ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. റിയോ ഒളിമ്പിക്‌സിന്റെ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്‌കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വവും ഇപ്പോള്‍ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ നേതൃസ്ഥാനവും ശ്രീജേഷിന്റെ കൈകളില്‍ എത്തുന്നത്. ടീമിന്റെ അമരത്ത് ശ്രീജേഷ് എത്തുമ്പോള്‍ മലയാളികള്‍ക്കിത് അഭിമാനത്തിന്റെ പുത്തന്‍ അനുഭവം.

© 2024 Live Kerala News. All Rights Reserved.