ഷഫീഖ് അമരാവതി വിടപറഞ്ഞു; എഴുത്തും ഗസലും ഇല്ലാത്ത ലോകത്തേക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമാണ്. ഫോര്‍ട്ട് കൊച്ചി ഗൌതം ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് കല്‍വത്തി ജുമാ മസ്ജിദില്‍.
സംഗീത സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവ്, ഗായകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഷഫീഖ് അമരാവതി. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിത മുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തി ‘കസ്തൂരി മണക്കുന്നല്ലോ’, മെഹബൂബ്മുതല്‍ വിപഌഗായിക പി കെ മേദിനിവരെയുള്ള 13 ഗായകരുടെ ജീവിതരേഖയുമായി ‘മെഹബൂബ് മുതല്‍ മേദിനിവരെ’ എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. സദ്‌വാര്‍ത്ത,മാധ്യമം,സിറ്റികേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചാണ് ഷഫീഖ് അമരാവതി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1999ല്‍ ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിച്ചു. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവര്‍ മക്കള്‍.

© 2024 Live Kerala News. All Rights Reserved.