കാലികള്‍ മേയുന്ന പുറമ്പോക്കില്‍ കൃഷിയിറക്കിയതിന് ദളിത് കര്‍ഷകനെ തല്ലിക്കൊന്നു; ഉയര്‍ന്ന ജാതിക്കാരായ 46 പേര്‍ ചേര്‍ന്നാണ് ഇരുമ്പു ദണ്ഡും മഴുവും ഉപയോഗിച്ച് മര്‍ദ്ധിച്ചത്

അഹമ്മദാബാദ്: കാലികള്‍ മേയുന്ന പുറമ്പോക്കില്‍ കൃഷിയിറക്കിയതിനാണ് 46 കാരനായ ദളിത് കര്‍ഷകനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട 46പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. ഗുജറാത്തിലെ സോധന ഗ്രാമത്തില്‍ രാമ സിന്‍ഗ്രഹിയ ആണ് കൊല്ലപ്പെട്ടത്. കൃഷിയിറക്കാന്‍ രാമയെ സഹായിച്ചു എന്നാരോപിച്ച് മറ്റുരണ്ടാളുകളെക്കൂടി ഇവര്‍ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പര്‍ബത് കരവദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെ അറസ്റ്റു ചെയ്തു. വില്ലേജ് സര്‍പഞ്ച് ഹര്‍ഭം കരവദ്രയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. ഇരുമ്പുദണ്ഡും മഴുവും കൊണ്ട് അദ്ദേഹത്തെ അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് ഭഗ്‌വദര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ രാമന്‍ പിറ്റേദിവസം പി.ഡി.യു ജനറല്‍ ആശുപത്രിയില്‍വെച്ച് മരിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. രാമ വിത്തിട്ട സ്ഥലം കാലികളെ മേക്കുന്ന പുറംമ്പോക്കായിരുന്നു എന്നാണ് മെര്‍ സമുദായക്കാര്‍ ആരോപിക്കുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി രാമ കൃഷി ചെയ്യുന്ന ഭൂമിയായിരുന്നു അതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.