കറപ്പത്തോട്ടം തരംമാറ്റി മെഡിക്കല്‍ കോളജ് സ്ഥാപിച്ച സംഭവത്തില്‍ കാന്തപുരത്തിനെതിരെ ത്വരിതപരിശോധന; മുസ്ല്യാരെ പ്രതിയാക്കുന്നതില്‍ തെറ്റില്ലെന്ന് വിജിലന്‍സ് കോടതിയില്‍; 300 ഏക്കറോളം ഭൂമിയിലാണ് ക്രമക്കേട്

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം തരംമാറ്റി മെഡിക്കല്‍ കോളജ് സ്ഥാപിച്ച കേസില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇദേഹത്തെ പ്രതിയാക്കുന്ന കാര്യത്തില്‍ വിരോധമില്ലെന്ന് വിജിലന്‍സ് വകുപ്പ് കോടതിയെ അറിയിച്ചു. കാന്തപുരത്തിന്റെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് എകെ ഷാജി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. നേരത്തെ കാന്തപുരത്തെ ഒഴിവാക്കിയ കാരണം വ്യക്തമാക്കാന്‍ സ്പെഷ്യല്‍ ജഡ്ജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ നടപടി.
കറപ്പതോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളെജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.