ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ തട്ടിപ്പ് കണ്ടെത്താന്‍ കൃഷിമന്ത്രി പുലര്‍ച്ചെ റെയ്ഡിനിറങ്ങി; നിലവാരം കുറഞ്ഞ പച്ചക്കറികള്‍ കൂടുതല്‍ വിലയ്ക്ക് ഇവിടെ വില്‍ക്കുന്നതായി കണ്ടെത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ഏജന്‍സിയായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വന്‍തട്ടിപ്പ് കണ്ടെത്താന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും കൃഷിസെക്രട്ടറി രാജുനാരായണസ്വാമിയും പുലര്‍ച്ചെ റെയ്ഡിനിറങ്ങി. കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മിന്നല്‍ റെയ്ഡ്. കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍ നിന്ന് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ഇവിടെ കണ്ടെത്തി. മറ്റ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.
ചാലമാര്‍ക്കറ്റില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന മൂന്നാംകിട പച്ചക്കറികളാണ് ഉപഭോക്താക്കള്‍ക്ക് വന്‍വിലയ്ക്ക് വിറ്റഴിക്കുന്നതെന്ന് കൃഷിമന്ത്രി പിന്നീട് പ്രതികരിച്ചു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റ് സ്ഥാപിച്ചത്.

© 2024 Live Kerala News. All Rights Reserved.