കോഴിക്കോട് ജില്ലാ കളക്ടര്‍ എംപിയോട് മാപ്പ് പറഞ്ഞു; ; തനിക്ക് തെറ്റുപറ്റി; അദേഹത്തിന്റെ രൂക്ഷമായ പ്രതികരണത്തിന് ഉത്തരവാദി താന്‍മാത്രമാണ്; ക്ഷമ ചോദിച്ചുകൊണ്ടുള്ള എന്‍ പ്രശാന്തിന്റെ കുറിപ്പ്

കോഴിക്കോട്: സോഷ്യല്‍മീഡിയയിലും രാഷ്ട്രീയതലത്തിലും കുറച്ചുദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തും എം കെ രാഘവന്‍ എംപിയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നു. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റ നിസ്സഹകരണവുമായി ബന്ധപ്പെട്ട് എംകെ രാഘവന്‍ പത്രസമ്മേളനം വിളിച്ച് പ്രശാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുന്നംകുളം മാപ്പിന്റെ ചിത്രം എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് കളക്ടര്‍ എംപിയെ ആക്ഷേപിച്ചത് വലിയ ചര്‍ച്ചയാവുകയും പ്രശാന്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍  ക്ഷമചോദിച്ചുകൊണ്ട് എഫ്ബി പോസ്റ്റിട്ടിരിക്കുന്നത്.

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.
ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു. ബഹു. എം.പി.യെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാര്‍മ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍ തന്നെയാണ് പൂര്‍ണ്ണമായും ഉത്തരവാദി എന്ന് പറയാന്‍ എനിക്ക് മടിയില്ല.
ചില കാര്യങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.

© 2024 Live Kerala News. All Rights Reserved.