കുന്നംകുളം മാപ്പ് വിവാദത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ ഇടതുയുവജനസംഘടനകളും രംഗത്ത്; പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം എന്‍ പ്രശാന്തിന്റെ നടപടി ശരിയല്ലെന്ന നിലപാടില്‍ത്തന്നെ

കോഴിക്കോട്: എം കെ രാഘവന്‍ എംപിയ്‌ക്കെതിരെ കുന്നംകുളം മാപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പരിഹസിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഇടതുയുവജനസംഘടനകളും രംഗത്ത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി ഗവാസാണ് കളക്ടറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എഫ്ബിയില്‍ പോസ്റ്റിട്ടത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവിയിലിരിക്കുന്ന കളക്ടര്‍ എഫ്ബി പോസ്റ്റിട്ട് ജനപ്രതിനിധിയെ ആക്ഷേപിച്ചത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കാണിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇടതുസംഘടനകളും രംഗത്ത് വന്നിരിക്കുന്നത്.
ഗവാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം……

കോഴിക്കോട്ടെ എം.പി ശ്രീ.എം.കെ രാഘവനും, കളക്ടര്‍ ശ്രീ എന്‍.പ്രശാന്തും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ടു ദിവസമായി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.വാര്‍ത്തകള്‍ക്ക് പുതിയ മാനം വന്നു തുടങ്ങിയിരിക്കുന്നു, എം.പിക്കും കലക്ടര്‍ക്കും അവരവരുടേതായ ന്യായവാദങ്ങള്‍ ഉണ്ടാവാം, പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒന്നിച്ചു പോകേണ്ടവര്‍ തമ്മിലെ ഈ അകല്‍ച്ച നല്ലതല്ല.

എം.പി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ്, ജനങ്ങളോട് നേരിട്ട് ഉത്തരം പറയേണ്ടയാള്‍, കലക്ടര്‍ ഭരണ കൂടത്തിന്റെ പ്രതിനിധിയായി ജില്ലയിലെ ഭരണനിര്‍വ്വഹണത്തിന് ചുക്കാന്‍ പിടിക്കേണ്ടയാളും

പ്രശാന്തിന് മുമ്പും കോഴിക്കോട് ‘ ജനകീയ’ കളക്ടര്‍മാര്‍ ഉണ്ടായിരുന്നു. ചിലര്‍ക്ക് ആ പട്ടം ജനങ്ങള്‍ തന്നെ ചാര്‍ത്തി കൊടുത്തതാണ്.’ ചിലര്‍ സ്വയം കഴുത്തിലണിഞ്ഞവരും.. എന്തായാലും ഇവരുടെ യാരുടേയും ജനകീയത ജനപ്രതിനിധികളെ തള്ളി പറഞ്ഞിട്ടായിരുന്നില്ല, അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, അവ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ജനപ്രതിനിധി, അത് രാഷ്ട്രീയം ഏതുമാകട്ടെ എന്നും ഭരണനിര്‍വ്വഹണക്കാര്‍ക്ക് ഏറെ മുകളിലാണെന്ന സാമാന്യ തത്വം ഓര്‍ക്കുന്നത് നല്ലത്.പഞ്ചായത്ത് അംഗം മുതല്‍ പാര്‍ലമെന്റ് അംഗം വരെ ജനപ്രതിനിധികള്‍ക്ക് അപമാനം ഉണ്ടാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഒരു ജന പ്രതിനിധിയുടെ ആക്ഷേപത്തിന് ‘ലൈവായി’ മറുപടി പറഞ്ഞില്ലെങ്കില്‍ തകര്‍ന്നു പോകുന്നതല്ല കലക്ടറുടെ അധികാര ചിഹ്നങ്ങള്‍. ഉരുളക്ക് ഉപ്പേരി കൊടുത്താലെ അടങ്ങു എന്ന് വാശി പിടിക്കേണ്ടയാള്‍ ആവരുത് കലക്ടര്‍.വിഷയം ഭരണകൂടത്തിന്റെ മുമ്പിലെത്തട്ടെ ,അവരുടെ ചോദ്യങ്ങള്‍ ഉണ്ടാവട്ടെ, അപ്പോള്‍ സ്വാഭാവികമായി മറുപടിയും ഉണ്ടാവുമല്ലോ,

എം.പി എന്ന നിലയില്‍ എം.കെ രാഘവന്റെ പോരായ്മകള്‍, ആക്ഷേപങ്ങള്‍, അപാകതകള്‍ എല്ലാം രാഷ്ടീയ വേദികളില്‍ എണ്ണി എണ്ണി പറഞ്ഞിട്ടുണ്ട്, അവയില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നുമുണ്ട്.രാഷ്ട്രീയമായി അത് ഇനിയും അതിശക്തമായി പറയുകയും ചെയ്യും.എം.പി.മുന്‍ഗണന കൊടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിഷയങ്ങള്‍ ഒരുപാടുണ്ട്.എം.പി നിര്‍ബന്ധമായും ഉണ്ടാവേണ്ടിയിരുന്ന ചില ഇടങ്ങളിലെ അസാന്നിധ്യത്തെ കുറിച്ച് ശക്തമായ അഭിപ്രായങ്ങളുമുണ്ട്. രാഷ്ട്രീയമായി എം.പിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെ ഉള്ളപ്പോഴും കോഴിക്കോട്ടെ എം.പി. കലക്ടര്‍ പോര് ഒരു രാഷ്ട്രീയ പോരായോ, എല്‍.ഡി.എഫ് യു.ഡി.എഫ് അഭിപ്രായ വ്യത്യാസമയോ ,എല്‍.ഡി.എഫ് ഭരണത്തിനെതിരായ നീക്കമായോ കാണേണ്ടതല്ല

കലക്ടര്‍ യൂത്തനോ, ബ്രോയോ എന്തുമായിക്കൊള്ളട്ടെ, പക്ഷേ ജന പ്രതിനിധികളുടെ സ്ഥാനത്തെ കുറച്ചു കണ്ടു കൂട. ആരോപണങ്ങളെ പരിഹസിക്കരുത്. മാപ്പ് പറയണമെന്ന് എം.പി പറയുമ്പോള്‍ പോയി മാപ്പു പറയണ്ട ,ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ മറുപടി പറഞ്ഞാല്‍ മതി, അല്ലാതെ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റി അപമാനിക്കരുത്. അതിനെ ന്യായീകരിക്കാന്‍ കുറേ നിലവാരം കുറഞ്ഞത് തമാശിക്കരുത്. കലക്ടര്‍ പദവിയുടെ ഔന്നത്യം കാത്തു സൂക്ഷിക്കണം. ജനാധിപത്യത്തോടും ജനപ്രതിനിധികളോടും പൊതു പ്രവര്‍ത്തകരോടും മാന്യത പുലര്‍ത്താന്‍ ആ പദവിയുടെ മഹത്വത്തെ ഉപയോഗിക്കണം. മുന്‍ഗാമികളിലെ മഹാരഥന്‍മാരെ മനസിലോര്‍ക്കണം…

© 2024 Live Kerala News. All Rights Reserved.