ബ്രെക്‌സിറ്റ് ആശങ്കയില്‍ ലോകവാണിജ്യവിപണി; തകര്‍ച്ച മറികടക്കുമെന്ന് ഇന്ത്യ; ഓഹരി സെന്‍സെക്‌സ് ഇടിയുന്നു

വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാ ഫലം ലോക വാണിജ്യ വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുമെന്ന് ആശങ്ക. ആഗോള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ആഗോള നെറ്റ്വര്‍ക്കിങ്ങിന്റെ കീഴിലായതിനാല്‍ ലോകത്തെ ഏത് സംഭവവും രാഷ്ട്രങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ കാര്യമായി തന്നെ ബാധിക്കും. ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക ശക്തിയില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റം ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ചലനങ്ങള്‍ സൃഷിക്കുമെന്ന് നേരത്തെയെ വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. പൗണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പൗണ്ട്, ഓഹരി, ഇന്ത്യന്‍ രൂപ എന്നിവയുടെ മൂല്യത്തില്‍ രാവിലെ തന്നെ ഇടിവ് രേഖപ്പെടുത്തി. പൗണ്ടിന്റെ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെത്തിയത്. ചരിത്രത്തില്‍ ആദ്യമയാണ് ഒരു ദിവസം കൊണ്ട് ഒറ്റയടിക്ക് പൗണ്ടിന്റെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 60 രൂപയും ഗ്രാമിന് 480 രൂപയും കൂടി. ഏഷ്യന്‍ വിപണിയില്‍ 1000 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയില്‍ 900 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചാല്‍ അത് ആഗോള തലത്തില്‍ തന്നെ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നു ജി 7 ഉച്ചകോടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാനില്‍ നടന്ന ഉച്ചകോടിയിലാണ് ഈ അഭിപ്രായം ശക്തമായി ഉയര്‍ന്നത്. ആഗോള വ്യാപാരം, നിക്ഷേപം, തൊഴിലുകള്‍ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ബ്രെക്സിറ്റ് എന്നും ഉച്ചകോടി പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ഏഴ് വ്യാവസായിക രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള വളര്‍ച്ചയുടെ വേഗം കുറയുന്നത് ആഗോള സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയും ചെറിയ തോതിലെങ്കിലും ഇന്ത്യയെയും ബാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ വ്യവസായികള്‍ക്ക് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ ഉള്ളതിനാല്‍ ബ്രിട്ടനിലെ സാമ്പത്തി-വ്യാവസായിക പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ യൂണിയനില്‍ നിന്നുള്ള മറ്റ് രാജ്യങ്ങളുമായി ബ്രിട്ടന് വ്യാപാര വാണിജ്യ സാമ്പത്തിക ബന്ധങ്ങളില്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ കൊണ്ടു വരേണ്ടതായുണ്ട്. 43 വര്‍ഷത്തെ ബന്ധത്തിന് വിടനല്‍കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സാമ്പത്തിക കരാറുകളെയായിരിക്കും.

ഇതുവരെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നതിനാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കരാറുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളായികരിക്കും ഇനി ബ്രിട്ടന്‍ സ്വീകരിക്കുക. ഇത് ആഗോള സാമ്പത്തിക വ്യാപാര കരാറുകളെയും ബാധിക്കും. ഇതിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോയാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സുസ്ഥിരമായ സാമ്പത്തിക സംവിധാനമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹിതപരിശോധനാ ഫലം എന്തു തന്നെയായാലും ഇന്ത്യ അത് മാനിക്കും. അതേസമയം, വരുംനാളുകളില്‍ ഇതുമൂലമുണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരാണ് എന്നും ജെയ്റ്റ്ലി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള രഘുറാം രാജന്റെ പിന്‍മാറ്റവും കൂടിയാകുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ ബ്രെക്സിറ്റ് എങ്ങനെ സ്വാധീനിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് വിപണി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി അനിശ്ചിത്വത്തകിലാകുമെന്ന ആശങ്ക പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.