ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കുക; ദിനം മൂന്നെണ്ണം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

ഷാര്‍ജ: റമദാനിനു ശേഷവും ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കേണ്ടതാണ്. ദിനം മൂന്നെണ്ണം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകും. ഇത് സംബന്ധമായ പഠനം നടത്തിയ അമേരിക്കന്‍ ഹെല്‍ത്ത് ജേര്‍ണല്‍ ഈത്തപ്പഴം ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് എന്ന് കണ്ടെത്തിയിരുന്നു. 15 ല്‍ കുറയാത്ത വിവിധയിനം പ്രധാന ധാതുക്കള്‍ ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

കൂടാതെ, അര്‍ബുദത്തെ ചെറുക്കുന്ന സിലേനിയം എന്ന പദാര്‍ത്ഥവും ഇതിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന വസ്തുവാണിത്. ഇതിലടങ്ങിയ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇരുമ്പിന്റെ അംശം ഏറെയുള്ളതിനാല്‍ രക്തക്കുറവ് ഇല്ലാതാക്കും. കൊളസ്‌ട്രോള്‍ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയ ജൈവ സള്‍ഫര്‍ അലര്‍ജി ഇല്ലാതാക്കുന്നു. പെട്ടെന്ന് അലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കുന്നു. പ്രയോജനകരമായ ബാക്റ്റീരിയകള്‍ ഉള്ളതിനാല്‍ ആമാശയത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ് ഈത്തപ്പഴം.