പത്ത് വര്‍ഷം പഴക്കമുള്ള ബസ്സുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; കെഎസ്ആര്‍ടിസിയെയും ബാധിക്കും; ഉത്തരവ് പ്രാബല്യത്തില്‍

കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ബസ്സുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജിഒ(എംഎസ്)നമ്പര്‍45/2015/നമ്പര്‍ ഉത്തരവ് പ്രകാരമാണ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ കാലപ്പഴക്കം പത്തുവര്‍ഷമാക്കി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിജപ്പെടുത്തിയത്. കെഎസ്ആര്‍ടിസിയെയും ബാധിക്കുന്ന ഈ ഉത്തരവ് ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തിലാക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്ക് പിന്നാലെയാണ് പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ഹരിത ട്രൈബ്യൂണല്‍ ഇറക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാനിരിക്കെ സര്‍ക്കാര്‍ തന്നെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേരളത്തിലെ ആറുനഗരങ്ങളില്‍ പത്തുവര്‍ഷം പഴക്കമുളള 2000സിസിക്കുമേല്‍ ശേഷിയുളള ഡീസല്‍വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒരുമാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ഹരിതട്രൈബ്യൂണല്‍ വിധി വന്നത് കഴിഞ്ഞമാസമാണ്. പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ നിരത്തില്‍നിന്ന് മാറ്റാനുളള നടപടി സ്വീകരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ട്രാന്‍സ്്‌പോര്‍ട്ട് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.