ഒഴിവുദിവസത്തെ കളിയും കാര്യവും

എസ്. വിനേഷ് കുമാര്‍

ഉണ്ണി ആറിന്റെ കഥയില്‍ നിന്ന് നിന്ന് എത്രയോ തീവ്രവും വൈകാരികവുമായൊരു തലത്തിലേക്കാണ് സനല്‍കുമാര്‍ ശശിധരന്റെ സിനിമ സഞ്ചരിക്കുന്നത്. ഒഴിവുകാലത്തെ കളിയെന്ന ചെറുകഥ അഭ്രപാളിയിലെത്തുമ്പോള്‍ തികച്ചും ജൈവീകവും ചലനാത്മകവുമായൊരു ഇടമാണ് രേഖപ്പെടുത്തുന്നത്. ടിപ്പിക്കലായ ആസ്വാദനശീലങ്ങളെ ധീരമായി മറികടക്കാന്‍ ഒഴിവുകാലത്തെ കളിയ്ക്ക് കഴിഞ്ഞുവെന്ന് തന്നെ വേണം പറയാന്‍. ഉണ്ണി ആര്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ മറികടന്ന് കൊണ്ട് പുതിയ കാലത്തെ അരാഷ്ട്രീയവത്കൃതമായ സമൂഹത്തിന്റെ കാപട്യത്തെയും സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ മനോനിലയെയും ചിത്രം കീറിയൊട്ടിക്കുകതന്നെ ചെയ്യുന്നുണ്ട്. ആര്‍ട്ടെന്നോ കൊമേഴ്‌സ്യലെന്നോ വിവേചിക്കാതാതെ തികച്ചും സാമൂഹ്യപരമായി മലയാളി പുരുഷന്‍മാരുടെ ശീലങ്ങളെയും ദുശ്ശീലങ്ങളെയും ചിത്രം തുറന്നുകാണിക്കുകതന്നെ ചെയ്യുന്നു.ഒരു തിരഞ്ഞെടുപ്പ് ദിനത്തെ ഒഴിവുദിവസമാക്കി ഉന്മാദത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കുന്ന അഞ്ചുപുരുഷകേസരികളുടെ ഒരുദിനം കടന്ന് പോകുമ്പോള്‍ ചിത്രം പ്രേക്ഷകരെ പുതിയൊരു ആസ്വാദമണ്ഡലത്തില്‍ ചേര്‍ത്തുനിര്‍ത്തുകയാണ്. ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാര്‍ ഒത്തുകൂടുമ്പോഴുള്ള മദ്യപാനസദസ്സുകളും അതില്‍ നിന്നുള്ള സ്ത്രീവിരുദ്ധമായ ദ്വയാര്‍ഥ
പ്രയോഗങ്ങളും  ഇണക്കവും പിണക്കവുമെല്ലാം അവസരോചിതമാകുന്നത് പുരുഷകേന്ദ്രീകൃതമായ ലോകത്ത് സര്‍വസാധാരണമാണെന്ന് ചിത്രം അടിവരയിടുന്നുണ്ട്.

2

സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ കയ്യടക്കും ആഖ്യാനരീതിയുമെല്ലാം വ്യത്യസ്ഥമായൊരു സിനിമ അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട് ഒഴിവുദിവസത്തെ കളിയിലൂടെ. പ്രകാശ് ബാരെയും മീനകന്ദസ്വാമിയും മുഖ്യവേഷത്തിലഭിനയിച്ച ഒരാള്‍പൊക്കം എന്ന ഒരൊറ്റ ചിത്രമാണ് സനല്‍കുമാറിന്റെ സംവിധാന മികവിന് പുതിയ വഴികള്‍ വെട്ടിത്തുറന്നത്. ഒഴിവുദിവസത്തെ കളിയിലെത്തുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയും മഴയുടെ ആസുരതയും പ്രണയഭാവവുമെല്ലാം ഏച്ചുകെട്ടലില്ലാതെത്തന്നെ ഫ്രയിമില്‍ വരുന്നു. ചില ഷോട്ടുകള്‍ ലാഗ് ചെയ്ത് മുഷിപ്പിക്കുന്നതൊഴിച്ചാല്‍ ചിത്രം പുതിയ സിനിമാ സംസ്‌കാരം വെട്ടിത്തുറന്ന് തന്നെയാണ് മുന്നോട്ട് കുതിക്കുന്നത്. ഒരാള്‍പൊക്കത്തില്‍ നിന്ന് വ്യത്യസ്ഥമായൊരു ദൃശ്യശൈലി ഒഴിവുകാലത്തെ കളിയില്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നത് എടുത്തുപറയുകതന്നെ വേണം. തിരഞ്ഞെടുത്ത ലൊക്കേഷനും അതില്‍ നിന്ന് ഒപ്പിയെടുത്ത ഫ്രെയിമുകളും ചിത്രത്തിന്റെ രാഷ്ട്രീയത്തിന് പിന്തുണയായി നിലകൊള്ളുന്നുവെന്നത് തന്നെയാണ് പ്രധാനം. കാസ്റ്റിംഗിലും പശ്ചാത്തല സംഗീതത്തിലും മുഷിപ്പിക്കാതെ പ്രേക്ഷകരില്‍ പിരിമുറുക്കമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. പ്രകൃതിയിലേക്ക് നീട്ടിപിടിച്ചൊരു കണ്ണാടിപോലെ കാമറ സഞ്ചരിക്കുന്നുണ്ട്.

2

സവര്‍ണ്ണമായൊരു ചട്ടക്കൂടിലാണ് നമ്മുടെ ഭരണകൂടവും നീതിന്യായ സംവിധാനവും ഇപ്പോഴും നിലകൊള്ളുന്നതെന്ന വ്യക്തമായ സന്ദേശം ചിത്രത്തിലുണ്ട്. മദ്യപാന സദസ്സിനിടയില്‍ നമ്പൂതിരിയായ സവര്‍ണ്ണന്റെ ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ ഉത്തരവുകളും എല്ലാം ഏറ്റുവാങ്ങാന്‍ വേണ്ടിയുള്ള ജീവിതമാണ് ദളിതന്റെതെന്നുമുള്ള സമീപകാല യാഥാര്‍ഥ്യങ്ങളിലേക്ക് ചിത്രം സഞ്ചരിക്കുന്നു്. ചക്ക പറിക്കാനും കോഴിയെ കൊല്ലാനുമൊക്കെ കറുത്തവനായ ദളിതന്‍, വെളുത്ത ശരീരക്കാരനാവട്ടെ ഉത്തരവ് പുറപ്പെടുവിക്കുകമാത്രം ചെയ്യുന്ന പഴയ ഫ്യൂഡല്‍ പ്രമാണിയുടെ പ്രേതത്തെ പേറുന്നവനും. പുകയും പൊടിയും പേറി അഴുക്കുപിടിച്ച ശരീരവുമായി നടക്കുന്നയാണെങ്കില്‍പോലും ഒരു സ്ത്രീയെ ഒറ്റയ്ക്ക് കിട്ടിയാല്‍ കാമത്തിന് മൂര്‍ച്ചകൂട്ടുന്ന സെക്‌സ് ഫ്രസ്‌ട്രേഷന്‍ ബാധിച്ച പതിവ് മലയാളി പുരുഷന്‍. ഇങ്ങനെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ പുഴുകുത്തുകളും മലയാളിയുടെ മനോഭാവവും എടുത്തുപറയുകതന്നെ ചെയ്യുന്നുണ്ട് ചിത്രം. പൂണൂലിന്റെ ബലത്തില്‍ ന്യായാധിപനും കൂടെയുള്ള രാജാവും മന്ത്രിയുമെല്ലാം ഒഴിവുദിവസത്തില്‍ കളിച്ചത് കറുത്തവന്റെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുതന്നെയെന്ന് ധീരമായി പറയുന്ന ചിത്രത്തിന് ടിക്കറ്റെടുക്കുതന്നെ വേണം.

© 2024 Live Kerala News. All Rights Reserved.