മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചു പൂട്ടി; ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കടന്നത്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

മലപ്പുറം: മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി. രാവിലെ സ്‌കൂളിലെത്തിയ എഇഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പൂട്ടാനെത്തിയത്. ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കടന്നത്. രേഖകള്‍ എടുത്ത ശേഷം ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ഉദ്യോഗസ്ഥരെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മെയ് 29ന് മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ എഇഒ എത്തിയെങ്കിലും നാട്ടുകാരും പിടിഎയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു.

© 2024 Live Kerala News. All Rights Reserved.