അതിരപ്പിള്ളി പദ്ധതി എതിര്‍ക്കുക തന്നെ ചെയ്യും; ഇത് പ്രകടനപത്രികയിലില്ലാത്ത കാര്യം; മുതലാളിത്ത വികസനത്തിന് മുന്നില്‍ മനുഷ്യനും പ്രകൃതിയും ഒന്നും തന്നെയില്ലെന്നും കാനം രാജേന്ദ്രന്‍

കൊച്ചി: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ആവശ്യമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്കെതിരെയാണ് സിപിഐ രംഗത്ത്. പദ്ധതി എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്ടട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. അതിനെ എതിര്‍ക്കാനുള്ള അധികാരം സിപിഐക്ക് ഉണ്ടെന്നും കാനം പറഞ്ഞു. പ്രകടന പത്രികയില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച നടത്തുന്നതാണ് ശരിയായ രീതി. ഇക്കാര്യം മന്ത്രിമാര്‍ മനസിലാക്കണം. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ചേരുന്ന സുസ്തിര വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടത്. മുതലാളിത്ത വികസനത്തിന് മുന്നില്‍ മനുഷ്യനും പ്രകൃതിയും ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ സിപിഐക്കുള്ളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നേരത്തേയും കാനം രംഗത്തെത്തിയിരുന്നു. അതിനിടെ അതിരപ്പിള്ളി വിഷയത്തില്‍ പിണറായി വിജയനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാറിന്റെ മധുവിധുകാലത്ത് തന്നെ മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണ്.

© 2024 Live Kerala News. All Rights Reserved.