മനോരമ ന്യൂസ് ചാമ്പിയതാണെന്ന് മന്ത്രി ഇ പി ജയരാജന്‍; സംഭവം വിശദീകരിക്കാതെ ന്യൂസ് പ്രൊഡ്യൂസര്‍ ഫോണ്‍ ലൈവിലേക്ക് കണക്ട് ചെയ്തു

തിരുവനന്തപുരം: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദാലിയെക്കുറിച്ചുള്ള അനുസ്മരണം പാരയായതോടെ വിശദീകരണവുമായി കായിക-വ്യവസായമന്ത്രി ഇ പി ജയരാജന്‍ രംഗത്ത്. മനോരമ ന്യൂസ് ചാനലില്‍ നിന്ന് പ്രതികരണത്തിന് വിളിച്ചവര്‍ വാര്‍ത്ത കൃത്യമായി പറയാതിരുന്നതാണ് പ്രശ്‌നമായതെന്ന് മന്ത്രിപറഞ്ഞു. ”ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്, നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം മുമ്പ് ബോക്‌സിംഗ് റിംഗ് വിട്ട ബോക്‌സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഇതാണ് വിനയായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.