തോല്‍വിയുടെ ഉത്തരവാദിത്വം തലയില്‍ കെട്ടിവച്ച് വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ അണിയറ നീക്കം; ഉമ്മന്‍ചാണ്ടി നിയമസഭാകക്ഷി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കരുനീക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം തലയില്‍ കെട്ടിവച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ ഒഴിയണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടത്. ദ്വിദിന വിശകലന ക്യാമ്പ് ഈ നീക്കത്തെ സ്വന്തം അനുയായികളെക്കൊണ്ടു പ്രതിരോധിക്കാന്‍ സുധീരനും ശ്രമിച്ചു. എം.എം.ഹസന്‍, കെ.സുധാകരന്‍, കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ കെപിസിസി പ്രസിഡന്റ് മാറണമെന്ന ആവശ്യം മുന്നോട്ട് വച്ചു. വി.ഡി.സതീശന്‍ പരോക്ഷമായും ഈ വാദം ഉന്നയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.ടി.തോമസ്, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവര്‍ സുധീരനു അനുകൂലമായ നിലപാടില്‍ ഉറച്ചു നിന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി നിയമസഭാകക്ഷി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സുധീരനെതിരെ പടയൊരുക്കം. കോണ്‍ഗ്രസിനെ ഗാന്ധി സ്മാരകനിധി ആക്കിയിട്ടു കാര്യമില്ലെന്നു ഹസന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും എ.കെ.ആന്റണി അടക്കമുള്ളവര്‍ക്ക് എതിരെയും വിമര്‍ശനങ്ങളുണ്ടായി. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും വോട്ട് കോണ്‍ഗ്രസിനു ലഭിച്ചില്ല എന്ന പൊതുവികാരം യോഗത്തിലുണ്ടായി. പാര്‍ട്ടിയും സംഘടനയും സഹായിക്കാന്‍ ഉണ്ടാകാഞ്ഞതിന്റെ പരിഭവം സ്ഥാനാര്‍ഥികള്‍ കെട്ടഴിച്ചു. ബിജെപിയും സിപിഎമ്മും പണം ഒഴുക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കാഴ്ചക്കാരായി. വിശകലന ക്യാമ്പ് ഇന്നും തുടരും.

© 2024 Live Kerala News. All Rights Reserved.