മരത്തൈകളുടെ രാഷ്ട്രീയം

പരിസ്ഥിതി എന്ന വാക്ക് തന്നെ എല്ലാംകൂടിച്ചേര്‍ന്നത് അര്‍ഥത്തിലാണ് നിലനില്‍ക്കുന്നത്. ഇതില്‍ മരങ്ങള്‍ എന്ത് റോള്‍ വഹിക്കുന്നവെന്നതാണ് പരിസ്ഥിതിയുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനം. പരിസ്ഥിതി ദിനത്തില്‍ മരംതൈ നടുകയെന്ന പുതിയകാല ഗിമ്മിക്കിനപ്പുറത്തേക്ക് മലയാളിക്ക് പ്രകൃതിയോട് കാര്യമായ ആത്മബന്ധമില്ലെന്നത് തന്നെയാണ് യാഥാര്‍ഥ്യം. നടുന്ന തൈകളുടെ സംരക്ഷണം പലപ്പോഴും ഇവരുടെ കയ്യില്‍ ഭദ്രമല്ലതാനും. കഴിഞ്ഞവര്‍ഷം തൈ നട്ടിരുന്ന അതേ കുഴിയില്‍ത്തന്നെ തൈനട്ടുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കാലത്ത് ഇതൊക്കെ ഇങ്ങനെയേ സംഭവിക്കുകയുള്ളു. ഇതാ ചില മരങ്ങളുടെ പ്രത്യേകതകള്‍ നോക്കാം.

അരയാല്‍

arayal

വൃക്ഷങ്ങളുടെ രാജാവായാണ് അരയാലിനെ അറിയപ്പെടുന്നത്. ഈ വൃക്ഷത്തിനെ ഹിന്ദിയില്‍ പീപ്പല്‍ എന്നും, ബംഗാളിയില്‍ അശ്വത്ഥാ എന്നും കന്നടയില്‍ അരളിയെന്നും തമിഴില്‍ അരശ് എന്നും വിളിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഇലകൊഴിയും വൃക്ഷം കൂടിയാണ് അരയാല്‍. ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്‌കാരത്തിലും വളരെ പ്രാധാന്യമുണ്ട് അരയാലിന്. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു , ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൗമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുകയും . സഹജീവികള്‍ക്ക് വായു നല്‍കുകയും ചെയ്യുന്നു. ക്രിസ്തുവിന് 7000 വര്‍ഷങ്ങള്‍ മുന്‍പ് തന്നെ അരയാല്‍ നിലനിന്നിരുന്നു എന്ന് കണക്കാക്കപ്പെട്ടു. മേഹര്‍ഗഢ് നാഗരികതയുടെ കാലത്തെ കളിമണ്‍പാത്രങ്ങളില്‍ അരയാല്‍മരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹന്‍ജൊ ദാരോ നാഗരികതയില്‍ നിന്നു ഖനനം ചെയ്‌തെടുത്ത ഫലകങ്ങളിലും കളിമണ്‍ പാത്രങ്ങളിലും ആല്‍മരങ്ങളുടെ ചിത്രങ്ങള്‍ കാണാം. പുരാതനകാലം മുതല്‍ക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മരങ്ങളെ ദൈവചൈതന്യം ഉള്‍ക്കൊള്ളുന്നവയായി കരുതി ആരാധിച്ചിരുന്നു. കായ്കള്‍ ഇല്ലാത്തതിനാല്‍ പക്ഷികള്‍ കാഷ്ഠിക്കുകയില്ല എന്നതിനാലും വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദികളായി അരയാല്‍ മാറി.

മണ്ണില്ലാതെയും ആല്‍മരത്തിന്റെ വിത്തു മുളച്ച് തൈ വളരും. വിത്തുകള്‍ കാറ്റില്‍ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാല്‍പ്പോലും അവ മുളച്ച് വളര്‍ന്നു തുടങ്ങും. വളക്കൂറുള്ള മണ്ണില്ലെങ്കിലും ആല്‍ മരം വളരും. മണ്ണില്ലെങ്കിലും അവ വായുവില്‍ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കാനുള്ള കഴിവ് അരയാലിനുണ്ട്്. വലിയ വൃക്ഷങ്ങള്‍ക്ക് ശാഖകളില്‍ നിന്ന് വേരുകള്‍ മുളയ്ക്കാറുണ്ട്. ഈ വേരുകള്‍ വായുവില്‍ നിന്ന് ഈര്‍പ്പവും പൊടി, ചത്ത പ്രാണികള്‍ എന്നിവയില്‍ നിന്ന് നൈട്രജനും സ്വീകരിക്കുന്നു. ഇടിമിന്നല്‍ മൂലം ഭൂമിയിലേക്കുവരുന്ന വൈദ്യുത പ്രവാഹത്തെ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള കഴിവ് അരയാല്‍ വൃക്ഷത്തിന്റെ പ്രത്യേകതയാണ്. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാനുള്ള അരയാലിന്റെ കഴിവും പ്രസിദ്ധമാണ്.ആല്‍മരത്തിന്റെ ഇളം തണ്ടുകള്‍, കായ്കള്‍ എന്നിവ ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്കും വൃണങ്ങള്‍ക്കും ഔഷധമായും കൂടാതെ തടി കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങള്‍ക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങള്‍ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്.ആല്‍മരത്തിന്റെ കായ്കള്‍ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകള്‍ നിറഞ്ഞതും പച്ച നിറത്തില്‍ ഉള്ളതുമാണ്. വിത്തുകള്‍ തണ്ടുകളില്‍ കാണപ്പെടുന്നു. കായ്കള്‍ പാകമാകുമ്പോള്‍ ചുവപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക. അരയാലില്‍ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്‌സ് എന്നയിനം ഷഡ്പദമാണ്. വളരെ കാലം ആയുസ്സുള്ള വൃക്ഷം കൂടിയാണ് അരയാല്‍.

പതിമുഖം

pathimugam

 

 

പതിമുഖത്തിന്റെ തടിയാണ് ഔഷധ യോഗ്യമായ ഭാഗം. രക്ത ശുദ്ധിക്കിത് അത്യുത്തമമാണ്. തടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വര്‍ണ്ണ വസ്തുക്കള്‍ ലഹരി പാനീയങ്ങള്‍ക്ക് നിറം നല്‍കാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിച്ചുവരുന്നത്.

 

ആര്യവേപ്പ്

aaryavepp

ഗ്രാമത്തിലൊരു ഔഷധശാല എന്നാണ് ആര്യവേപ്പ് അറിയപ്പെടുന്നത്. ആര്യവേപ്പ് എവിടെ ഉണ്ടോ അവിടെ മരണവും മഹാരോഗങ്ങളും ഇല്ല എന്നാണ് വിശ്വാസം. വേപ്പിന്റെ ഇലകള്‍ക്ക് വായുമാലിന്യങ്ങളെയും കൃമികീടങ്ങളെയും തുരത്താന്‍ കഴിവുണ്ട്. ചൊറി, ചിരങ്ങ് തുടങ്ങിയ കഴുകുവാന്‍ വേപ്പിലകഷായം ഉത്തമമാണ്.ദന്തസംരക്ഷണത്തിന് വേപ്പില തണ്ടുകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. വാതസംബന്ധമായ അസുഖങ്ങള്‍ക്കും ഉളുക്ക് തുടങ്ങിയവയ്ക്കും വേപ്പെണ്ണ ഉത്തമമാണ്.വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. കീടങ്ങളെ തുരത്താനും വേപ്പ് ഉത്തമമാണ്.

അകത്തി

akathi

സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ലോറ എന്ന ശാസ്ത്രനാമത്തിലാണ് അകത്തി അറിയപ്പെടുന്നത്. പൂവിന്റെ നിറഞ്ഞ ആസ്പദമാക്കി അകത്തിയെ വെള്ള അകത്തിയെന്നും ചുവന്ന അകത്തിയെന്നും രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയും കായ്കള്‍ക്ക് മുരിങ്ങക്കയോളം നീളവുമുണ്ട്. നൈട്രജന്‍ ബന്ധനശേഷിയുള്ള ഈ ചെറുമരം മണ്ണിന്റെ വളക്കുറ് വര്‍ദ്ധിപ്പിക്കുന്നു.

കുടംപുളി

kudampuli

ഒരു നിത്യഹരിതവൃക്ഷമായ മലബാര്‍ പുളി അഥവാ കുടംപുളി. കേരളത്തില്‍ ഏറ്റവും കൂടുതല കാണുന്നത് മദ്ധ്യതിരുവിതാംകൂറിലാണ്. ആണ്‍മരങ്ങളും പെണ്‍മരങ്ങളും പ്രത്യേകം കാണപ്പെടുന്ന ഈ ഫലവൃക്ഷത്തില്‍ ദ്വിലിംഗപൂക്കള്‍ വിരിയുന്നു.പെണ്‍മരത്തില്‍ മാത്രമേ കായകള്‍ ഉണ്ടാകുന്നുള്ളൂ. പഴത്തിന്റെ പുറന്തോടാണ് ഏറ്റവും ഉപയോഗ്യമായ ഭാഗം. ഇതില്‍ ഹൈട്രോക്‌സി സിട്രിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പുറന്തോട് അതേരുപത്തില്‍ ഭക്ഷ്യയോഗ്യമല്ല. അതിനാല്‍ പുറന്തോട് സൂര്യപ്രകാശത്തിലും പുകയിലും ഉണക്കിയെടുത്തശേഷം മാത്രമാണ് ഉപയോഗിക്കുന്നത്.

മുരിങ്ങ

muriga

വീട്ടുവളപ്പുകളില്‍ സര്‍വ്വസാധാരണമാണ് മുരിങ്ങ. വേരില്‍ ബാഷ്പീകരണതൈലവും പട്ടയില്‍ ആല്‍ക്കലോയിഡും ഇലയില്‍ വിറ്റാമിന്‍ എയും സിയും ധാരാളമടങ്ങിയിരിക്കുന്നു. മുരിങ്ങവിത്തില്‍ നിന്നും തയ്യാറാക്കുന്ന തൈലം വാതരോഗങ്ങള്‍ക്ക് ബാഹ്യലേപനമായി ഉപയോഗിക്കുന്നു. മുരിങ്ങയിലയും ഉപ്പും ചേര്‍ന്ന മിശ്രിതം അരച്ചിടുന്നത് സന്ധിവേദനയ്ക്ക് അത്യുത്തമമാണ്.

അശോകം

ashokam

അതിമനോഹരമായ ചുവന്നപൂക്കള്‍ വിരിയുന്ന അശോകം ഒരു പുണ്യവൃക്ഷമാണ്. മരപ്പട്ടയും പൂവുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ഗര്‍ഭാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ആര്‍ത്തവ അസുഖങ്ങള്‍ തുടങ്ങിയവ ശമിപ്പിക്കുന്നതിന് അശോകം പുകള്‍പെറ്റതാണ്. പൂവ് പലതരത്തിലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇതിന്റെ മരത്തൊലി അശോകാരിഷ്ടം നിര്‍മ്മിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ്.

തയ്യാറാക്കിയത്: വീണ വത്സന്‍

© 2024 Live Kerala News. All Rights Reserved.