മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന് പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമെന്ന് പ്രതിപക്ഷം

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമാണെന്ന് പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാട് മാറ്റം തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിലുറച്ചാണ് കേരളത്തിന്റെ നിയമയുദ്ധങ്ങളെല്ലാം നടന്നത്. എന്നാല്‍ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതിനെതിരെയാണ് സമരസമിതി പരസ്യമായി രംഗത്തെത്തിയത്. പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സമരസമിതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെരിയാര്‍ തീരവാസികളുടെ ആശങ്ക അതേ തീവ്രതയോടെ വീണ്ടും അവതരിപ്പിക്കും. തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി അറിയിച്ചു. ബേബി ഡാമിലെ ചോര്‍ച്ച ഉള്‍പ്പെടെ അക്കമിട്ട് നിരത്തിയാണ് കേരളം നിലവില്‍ തമിഴ്‌നാടിന്റെ നിലപാടിനെ പ്രതിരോധിക്കുന്നത്. ജലനിരപ്പ് 142 അടിയായി തമിഴ്‌നാട് രണ്ട് തവണ ഉയര്‍ത്തിയപ്പോള്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര ജല കമ്മിഷനെയും കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് മുഖ്യമന്ത്രി ജയലളിതയുടെ പുതിയ നിലപാട്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്റെ പുതിയ പ്രസ്താവന തമിഴ്‌നാടിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.