വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന് സ്ഥലംമാറ്റം; വനംകൊള്ളക്കാര്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന പി ധനേഷ് കുമാറിനെ സ്ഥലം മാറ്റാന്‍ ഉത്തരവുണ്ടാക്കിയത് വോട്ടെണ്ണല്‍ ദിനത്തില്‍

സ്വന്തംലേഖകന്‍

കല്‍പറ്റ: വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന മൈക്കര റിസോര്‍ട്ട് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആഴ്ച്ചകള്‍ക്ക് മുമ്പാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നിയമം ലംഘിച്ചാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന് കളക്ടര്‍ക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ റിസോര്‍ട്ട് ഉടമ മൈക്കര ബഷീര്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി വൈല്‍ഡ് ലൈഫ് വാര്‍ഡനെ പിന്തിരിപ്പിക്കാന്‍ നീക്കം നടത്തി. ഇത് ഫലം കണ്ടില്ല. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ചാണ് സ്ഥലംമാറ്റ ഉത്തരവുണ്ടാക്കിയതെന്നാണ് അറിയുന്നത്. പ്രസ്തുത റിസോര്‍ട്ട് വനഭൂമി കൈവശം വച്ചുവരുന്നതായും റിസോര്‍ട്ടിലേക്കുള്ള റോഡ് വനപാതയാണെന്നും ധനേഷിന്റെ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് ഇത്തരത്തില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് വന്യജീവികളുടെ സൈ്വര്യസഞ്ചാരത്തിന് ഭീഷണിയുയര്‍ത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൈക്കര ബഷീര്‍ കഴിഞ്ഞദിവസങ്ങളിലും ധനേഷിനെ സമീപിച്ചെങ്കിലും അദേഹം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് വനംമന്ത്രിയെ സ്വാധീനിച്ചുള്ള സ്ഥലംമാറ്റം. വോട്ടെണ്ണല്‍ ദിനമായ മെയ് 19നാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കുകയാണ് വയനാട്ടിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍. നെല്ലിയാമ്പതിയില്‍ പോപ്‌സിന്റെ കൈവശം സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയത് നെന്മാറ ഡിഎഫ്ഒ ആയിരിക്കെ ധനേഷ് കുമാറായിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ ആയെത്തിയപ്പോള്‍ അനധികൃത ക്വാറി-റിസോര്‍ട്ട് മാഫിയക്കെതിരെയും ധനേഷ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ അദേഹത്തെ സ്‌പെഷ്യല്‍ ഓഫീസറായി കണ്ണൂരിലേക്ക് മാറ്റുകയും മാസങ്ങള്‍ക്ക് ശേഷം വയനാട് വൈല്‍ഡ് ലൈഫ് ചുമതല നല്‍കുകയുമായിരുന്നു. ഇതിനിടെ പലയിടങ്ങളിലേക്ക് ഡപ്യൂട്ടേഷന്‍ നല്‍കിയും ധനേഷിനെ യുഡിഎഫ് സര്‍ക്കാര്‍ ദ്രോഹിച്ചിരുന്നു.
അതിന് പിന്നാലെയാണിപ്പോഴത്തെ സ്ഥലംമാറ്റം.

© 2024 Live Kerala News. All Rights Reserved.