ബ്രെഡ്ഡിലും ബണ്ണിലും അര്‍ബുദമുണ്ടാകുന്ന മാരകമായ രാസവസ്തുകള്‍ അടങ്ങിയിട്ടുണ്ട്; കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: ബ്രെഡ്ഡിലും ബണ്ണിലും അര്‍ബുദത്തിനു കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന പഠന റിപ്പോര്‍ട്ടുളെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. മാരകമായ രാസവസ്തുക്കളാണ് ഇന്ത്യയില്‍ ഉണ്ടാക്കുന്ന ബ്രെഡ്ഡുകളില്‍ അടങ്ങിയിട്ടുള്ളതെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.

ഈ രാസവസ്തുക്കള്‍ മിക്ക രാജ്യങ്ങളും നിരോധിച്ചവയാണ്. പരിശോധനാഫലം കേന്ദ്രസര്‍ക്കാറിന് സിഎസ്ഇ കൈമാറിയിരുന്നു. സിഎസ്ഇയുടെ മലിനീകരണ നിരീക്ഷണ ലാബില്‍ 38 സാമ്പിളുകള്‍ പരിശോധിച്ചു. ഇവയില്‍ 84 ശതമാനം സാമ്പിളുകളിലും അപകടകരമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെയും പൊട്ടാസ്യം അയൊഡേറ്റിന്റെയും അംശം കണ്ടെത്തി. വേറൊരു ലാബില്‍ നടത്തിയ പരിശോധനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയായി ചന്ദ്രഭൂഷണ്‍ വ്യക്തമാക്കി. ബ്രെഡ്ഡിനുള്ള മാവ് തയ്യാറാക്കുമ്പോഴാണ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. പല കമ്പനികളും കവറിന് പുറത്ത് ഈ രാസവസ്തുവിന്റെ ഉപയോഗം രേഖപ്പെടുത്തുന്നില്ല. സാന്‍ഡ്വിച്ച്, പാവ്, ബണ്‍ തുടങ്ങിയ പായ്ക്കു ചെയ്യാത്ത ഉത്പന്നങ്ങളില്‍ ചേര്‍ത്തിട്ടുള്ള രാസവസ്തുക്കള്‍ തിരിച്ചറിയാനും മാര്‍ഗമില്ല. ദില്ലിയില്‍ വില്‍പ്പനയിലുള്ള വൈറ്റ് ബ്രെഡ്, പാവ്, ബണ്‍, പിസ, ബര്‍ഗര്‍ തുടങ്ങിയവയാണ് സിഎസ്ഇ പരിശോധിച്ചത്. 24 ബ്രാന്‍ഡുകളുള്ള ബ്രെഡ്ഡുകളില്‍ 19 എണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം 1.1522.54 പിപിഎം (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്ന അളവിലാണ്. ബ്രിട്ടാനിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ രാസവസ്തുക്കളുടെ ഉപയോഗമുണ്ടെന്ന കാര്യം നിഷേധിച്ചു. അതേസമയം, പെര്‍ഫെക്ട് ബ്രെഡ്ഡ് രാസവസ്തുക്കള്‍ ഏതൊക്കെ ഉപയോഗിച്ചുവെന്ന് അവരുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.