ദാവൂദ് ഇബ്രാഹിമിന്റെ ഫോണുകളില്‍ നിന്ന് മഹാരാഷ്ട്ര മന്ത്രിയ്ക്ക് വിളി വന്നിട്ടില്ലെന്ന് പൊലീസ്; നാല് രാഷ്ട്രീയ നേതാക്കളെക്കൂടി പ്രതിക്കൂട്ടിലാക്കി എത്തിക്കല്‍ ഹാക്കര്‍

മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണുകളില്‍ നിന്ന് മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് കഡ്‌സെയുടെ ഫോണിലേക്ക് വിളികള്‍ വന്നിട്ടില്ലെന്ന് മുംബൈ പൊലീസ് പറയുമ്പോഴും സംഭവം പുറത്ത് വിട്ട എത്തിക്കല്‍ ഹാക്കര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം, ഏക്‌നാഥ് കഡ്‌സെയെ കൂടാതെ നാല് പ്രമുഖ രാഷ്ട്രീയക്കാരുടെ നമ്പറുകള്‍കൂടി ദാവൂദിന്റെ ഫോണ്‍വിളി പട്ടികയില്‍ കണ്ടെത്തിയതായി എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പറഞ്ഞു. എന്നാല്‍, നമ്പറുകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് സ്വദേശിയായ മനീഷ് ആണ് മെഹ്ജബീന്റെ പേരിലുള്ള നമ്പറുകള്‍ കണ്ടത്തെി ഫോണ്‍വിളി പട്ടിക സംഘടിപ്പിച്ചത്. പട്ടിക ആദ്യം ഗുജറാത്ത് പൊലീസിന് നല്‍കിയെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ലെന്ന് മനീഷ് പറഞ്ഞു.
2015 സെപ്റ്റംബര്‍ നാലിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയില്‍ ദാവൂദിന്റെ ഭാര്യ മെഹ്ജബിന്റെ പേരില്‍ കറാച്ചിയിലുള്ള നാലു നമ്പറുകളില്‍നിന്ന് കഡ്‌സെയുടെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നെന്നാണ് ആരോപണം. എന്നാല്‍, ഈ കാലയളവില്‍ കഡ്‌സെയുടെ നമ്പറില്‍ വിദേശത്തുനിന്നും വിളികളുണ്ടാകുകയൊ വിദേശങ്ങളിലേക്ക് വിളിക്കുകയൊ ചെയ്തിട്ടില്ലെന്ന് ജോയന്റ് പൊലീസ് കമീഷണര്‍ (ക്രൈം) അതുല്‍ചന്ദ് കുല്‍കര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഡ്‌സെക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദാവൂദിന്റെ ഫോണില്‍ നിന്ന് വിളികള്‍ വന്ന കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ എത്തിക്കല്‍ ഹാക്കര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.