ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു; വിജയകരമെന്ന് ഐഎസ്ആര്‍ഒ; ബഹിരാകാശ വിപണിയില്‍ കുതിച്ചുച്ചാട്ടത്തിനൊരുങ്ങി രാജ്യം

ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ചതും പുനഃരുപയോഗ സദ്ധ്യവുമായ ആദ്യ സ്പേസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി) വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തില്‍ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആര്‍എല്‍വി രൂപകല്‍പ്പന ചെയതിരിക്കുന്നത്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒ, വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താല്‍ ബഹിരാകാശ വിപണിയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തും. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആര്‍ഒയുടെ ഈ പരീക്ഷണത്തെ വീക്ഷിച്ചത്.
കാലാവസ്ഥ അനുകൂലമായതിനാല്‍ വിക്ഷേപണം നിശ്ചയിച്ചപ്രകാരം നടന്നതായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ കെ.ശിവന്‍ അറിയിച്ചു. കാഴ്ചയില്‍ യുഎസിന്റെ സ്പേസ് ഷട്ടില്‍ പോലെയാണ് ഇന്ത്യയുടെതും. ഇത് പരീക്ഷണമാണ്. യഥാര്‍ഥ വാഹനത്തെക്കാള്‍ ആറു മടങ്ങ് ചെറുതാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. 6.5 കിലോമീറ്റര്‍ നീളമുള്ള ഇതിന് 1.55 ടണ്‍ ആണ് ഭാരം. വിക്ഷേപിച്ച് 100 കിലോമീറ്റര്‍ ഉയരത്തില്‍ ചെന്നതിനുശേഷം ഭൂമിയിലേക്ക് തിരിച്ചെത്തും. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇതു പതിക്കുക. ഇതിന് ഏകദേശം 10 മിനിറ്റ് സമയമെടുക്കും. പരീക്ഷണം വിജയിച്ചാല്‍ തന്നെ യഥാര്‍ത്ഥമായതിന്റെ വളരെചെറിയൊരു പടിയാണ് കയറുന്നതെന്നും അന്തിമ സ്പേസ് ഷട്ടില്‍ സജ്ജമാകാന്‍ 10-15 വര്‍ഷമെടുക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണങ്ങള്‍ ഇനിയുമേറെ നടക്കാനുണ്ടെന്നും ആദ്യം കടലിലിറങ്ങുന്ന വിക്ഷേപണ വാഹനം പിന്നീട് ശ്രീഹരിക്കോട്ടയിലെ റണ്‍വേയില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ അറിയിച്ചു. ആദ്യമായാണ് വിമാനത്തിന്റെ മാതൃകയില്‍ ഒരു സ്പേസ് ഷട്ടില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.