ബിജെപി സംസ്ഥാന സെക്രട്ടറിയും ചാക്ക് രാധാകൃഷ്ണനും ചേര്‍ന്നാണ് തന്നെ പരാജയപ്പെടുത്തിയത്; അമിത് ഷായ്ക്ക് ശോഭാസുരേന്ദ്രന്റെ കത്ത്

പാലക്കാട്: ബിജെപി സംസ്ഥാന സെക്രട്ടറിയും മലമ്പുഴ സ്ഥാനാര്‍ഥിയുമായ സി കൃഷ്ണകുമാറും വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചതെന്ന് കാണിച്ച് ശോഭാ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് കത്തയച്ചു. പാലക്കാട് മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്തായി പോയതിന് തൊട്ടു പിന്നാലെയാണ് ആരോപണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിക്കാനായി വിവാദ വ്യവസായിയുമായി ഒത്തുകളിക്കുകയായിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിലും സി. കൃഷ്ണകുമാറുമായുളള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു.മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാര്‍ മലമ്പുഴയിലെ പ്രചാരണത്തിനായി പാലക്കാട്ടെ പ്രവര്‍ത്തകരെയാണ് ഉപയോഗിച്ചതെന്നും തന്നെ ഒറ്റപ്പെടുത്തുകയും ബോധപൂര്‍വ്വം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ആദ്യമേ തന്നെ പാലക്കാട് സി കൃഷ്ണകുമാറിന്റെ പേരാണ് ഉയര്‍ന്നു വന്നതെങ്കിലും സി കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. സി.കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയ സമയം മുതല്‍ പാലക്കാട്ടെ ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ മലമ്പുഴയോട് കൃഷ്ണകുമാറിന് താല്‍പര്യമില്ലായിരുന്നു.

© 2024 Live Kerala News. All Rights Reserved.