കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടിന് ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം അറസ്റ്റില്‍

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വേട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടിന് ശ്രമം. കണ്ണൂര്‍ പേരാവൂര്‍ ഇരിട്ടി ചിങ്ങാംക്കുണ്ടം 20ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വട്യറ ബൂത്തില്‍ വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റില്‍. ബൂത്തിനകത്തു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മറ്റൊരു സംഭവത്തില്‍ പ്രസൈഡിങ് ഓഫിസറിന്റെ പരാതിയെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് സംഭവം. തലശേരി മണ്ഡലത്തിലെ കതിരൂര്‍ ഹൈസ്‌കൂള്‍ 25ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനു ശ്രമിച്ച ജീഷ് രാജ്(21) നെ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു കൈമാറി.

ഈസ്റ്റ് കതിരൂര്‍ യുപി സ്‌കൂള്‍ 34ാം നമ്പര്‍ ബൂത്തില്‍ കേന്ദ്രസേനാംഗങ്ങളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇടതു സ്ഥാനാര്‍ഥി കെ.കെ.ശൈലജയെത്തിയാണു പ്രശ്‌നം പരിഹരിച്ചത്. ഒരാള്‍ മുന്നു തവണ വോട്ടു ചെയ്യാനെത്തിയപ്പോള്‍ തടഞ്ഞുവെന്നു കേന്ദ്രസേനാംഗങ്ങളുടെ വിശദീകരണം. ഓപ്പണ്‍ വോട്ടു ചെയ്യാനെത്തിയയാളെ കേന്ദ്രസേനാംഗം തടഞ്ഞുവെന്നു സ്ഥാനാര്‍ഥി കെ.കെ.ശൈലജയും ആരോപിച്ചു. പൊലീസും പോളിങ് ഉദ്യോഗസ്ഥരും സഹായിച്ചില്ലെന്നു കേന്ദ്രസേനാംഗങ്ങള്‍ക്കു പരാതി. രാവിലെ മുതല്‍ ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കുറ്റിയാട്ടൂര്‍ എയുപി സ്‌കൂളില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നു പരാതി. വോട്ട് ചെയ്ത് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനു സമീപം സംഘടിച്ചു നില്‍ക്കുന്നു. ബൂത്തിനു സമീപം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.