കല്‍പറ്റ: മജീദിയ വേജ് ബോര്‍ഡിന് വേണ്ടി നിലകൊണ്ട കാരണത്താല്‍ മാതൃഭൂമിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട ജേര്‍ണലിസ്റ്റുകളും നോണ്‍ ജേര്‍ണലിസ്റ്റുകളുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന് വോട്ട് ചോദിച്ച് കല്‍പറ്റയില്‍ പ്രചാരണം നടത്തിയത്. ഇവിടെ ശശീന്ദ്രനെതിരെ മത്സരിക്കുന്നത് മാതൃഭൂമി ഉടമയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം വി ശ്രേയാംസ്‌കുമാര്‍ ആണ്. മാതൃഭൂമിയിലെ വേതന പരിഷ്‌ക്കരണത്തിന് വേണ്ടി സംസാരിച്ച പലരെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയും ചിലരെ അകാരണമായി പിരിച്ചുവിട്ടുമാണ് മാനേജ്‌മെന്റ് പകവീട്ടിയത്. ഇതില്‍ പലരും കോടതിയില്‍ കേസ് നല്‍കി മാതൃഭൂമിക്കെതിരെ നിയമയുദ്ധത്തിലാണ്. മാതൃഭൂമി ഉടയുടെ തൊഴിലാളി വിരുദ്ധ നടപടി ചൂണ്ടിക്കാട്ടിയാണ് പലരും ശശീന്ദ്രന് വേണ്ടി വോട്ടര്‍മാരെ സമീപിച്ചത്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ശശീന്ദ്രനും തൊഴിലാളിവിരുദ്ധനായ എം വി ശ്രേയാംസ്‌കുമാറും തമ്മിലുള്ള മത്സരത്തില്‍ ജനാധിപത്യപരമായ നിലപാട് സ്വീകരിക്കാന്‍ ഇവര്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. പത്തോളം ജീവനക്കാരാണ് കല്‍പറ്റയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിനിറങ്ങിയത്.