മുംബൈ: കടുത്ത വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നല്‍കണമെന്ന് റയില്‍വേ. 6.20 കോടി ലിറ്റര്‍ വെള്ളം എത്തിച്ചതിനാണ് ഇത്രയും തുകയുടെ ബില്‍ റയില്‍വേ ജില്ലാ കലക്ടര്‍ക്ക് അയച്ചത്. അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ബില്‍ അയച്ചിരിക്കുന്നത്. തുക അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിയമപരമായി നീങ്ങാമെന്നും മധ്യമേഖല ജനറല്‍ മാനേജര്‍ എസ്.കെ. സൂദ് അറിയിച്ചു.
ലാത്തൂരില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് ജലതീവണ്ടികള്‍ അയയ്ക്കാന്‍ റയില്‍വേ തീരുമാനിച്ചത്. ജലദൂത് എന്ന തീവണ്ടി മഹാരാഷ്ട്രയിലെ മിറാജില്‍ നിന്ന് ഏപ്രില്‍ 11നാണ് ഓടിത്തുടങ്ങിയത്. ആദ്യം 10 വാഗണുകളടങ്ങിയ ട്രെയിനില്‍ 9 തവണ വെള്ളമെത്തിച്ചു. രണ്ടാമത് 50 വാഗണുകളടങ്ങിയ മറ്റൊരു ജലതീവണ്ടി വഴി 25 ലക്ഷം ലിറ്റര്‍ വെള്ളവും എത്തിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഈ വെള്ളം ശേഖരിച്ചത്.