മുംബൈ: മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്‌സ് നേതാവ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് സുരക്ഷയോടെ തൃപ്തി ദര്‍ഗയില്‍ പ്രവേശിച്ചത്. പൊലീസിന്റെയും മറ്റ് പ്രവര്‍ത്തകരുടെയും കൂടെയാണ് തൃപ്തി ദര്‍ഗയിലെത്തിയത്. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കെയാണ് നടപടി.
നേരത്തെ ദര്‍ഗയില്‍ കടക്കാന്‍ ശ്രമിച്ച തൃപ്തി ദേശായിയെ പൊലീസ് തടഞ്ഞിരുന്നു. ശിവസേനയുടെ ന്യൂനപക്ഷ സെല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ രംഗത്തെത്തെത്തിയിരുന്നു. ആറു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിലക്കു നീക്കണമെന്ന മുസ്‌ലിം വനിതാ സംഘടനകളുടെ ഹര്‍ജി ബോംബേ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ മഹാരാഷ്ട്രയിലെ തന്നെ ഷനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി ഒഴിവാക്കിയിരുന്നു.