മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമേട് വളവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലി സ്വദേശി മഹ്‌റൂഫിെന്റ മക്കളായ ഷംസീര്‍, പര്‍വീസ്, ഫൈസല്‍, എടവനക്കാട് സ്വദേശി ശംസീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്‌റൂഫ്, മരുമക്കളായ സിനോജ്, മര്‍ഷാദ്, കാര്‍ഡ്രൈവര്‍ നൗഫല്‍ എന്നിവരെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.30നായിരുന്നു അപകടം. മഹ്‌റൂഫിെന്റ മകന്‍ ഷംസീറിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.
ഒരേ ദിശയില്‍ പോകുകയായിരുന്നു കാറും കണ്ടെയ്‌നര്‍ ലോറിയും. ഇന്നോവ കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. കണ്ടെയ്‌നര്‍ ലോറിയുടെ ഒരു ഭാഗം കാറിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്നോവ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.