തിരുവനന്തപുരം: വരള്‍ച്ച അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടിയുമായി സര്‍ക്കാര്‍. എല്ലാ ജില്ലകളിലും തണ്ണീര്‍ പന്തല്‍ സ്ഥാപിക്കും. ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ള ആവശ്യത്തിന് മാത്രമായി ഉപയോഗിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക ഉന്നതതല യോഗം തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സൂര്യാതപമേറ്റ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരിക്കും തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ഉന്നത തല യോഗം. സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ വരള്‍ബാധിത സംസ്ഥാനമായി അംഗീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.