നാദാപുരം: കല്ലാച്ചിക്കടുത്ത് തെരുവംപറമ്പിലെ കിണമ്പ്രകുന്നിലാണ് നിര്‍മ്മാണത്തിനിടെ ഉഗ്രശബ്ദത്തോടെ ബോംബ് സ്ഫോടനമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ചേലക്കാട് വണ്ണാത്തി മീത്തല്‍ ലിനേഷ് (26), നരിപ്പറ്റ സ്വദേശി ലിനീഷ് (24), പയന്തോങ്ങ് താനിയുള്ളതില്‍ വിവേക് (24) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കുറ്റ്യാടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പയന്തോങ്ങ് പൂവുള്ളതില്‍ വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാദാപുരം ഗവ. കോളജിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പരിസരത്താണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. സ്ഫോടനസ്ഥലം കണ്ടെത്താന്‍ നാട്ടുകാര്‍ പലയിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീട് പരിക്കേറ്റവരെ വാഹനത്തില്‍ പുറത്തേക്ക് കടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉടനെ സ്ഥലത്തത്തെിയ പൊലീസ് പരിക്കേറ്റവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും പിന്നീട് ഇവരെ കോഴിക്കോട്ടേക്ക് മാറ്റി. ലിനേഷിന്റെ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്ഫോടനത്തില്‍ ചിതറിയ നിലയിലാണ്. സ്ഫോടത്ത് രാത്രി വൈകി പൊലീസ് നടത്തിയ പരിശോധനയിലാണ് പത്തോളം ബോംബുകള്‍ കണ്ടെടുത്തത്. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.