കൊച്ചി: ചുബനസമരത്തെ അശ്ലീലമെന്ന് പറഞ്ഞവര്‍ ഇതിനെയും വെറുതെ വിട്ടില്ല. പക്ഷേ ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തി.ഉത്തര്‍പ്രദേശില്‍ ബദായൂനില്‍ രണ്ട് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊന്നതിനെതിരെയാണ് കൊച്ചിയില്‍ സ്ത്രീകള്‍ ഷാള്‍ പുതച്ച് പ്രതിഷേധിച്ചത്. 2014 ജൂണ്‍ 4 നാണ് അഭിഭാഷകര്‍ അടക്കം ഏഴ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊതുനിരത്തില്‍ പതിവ് വേഷം ഉപേക്ഷിച്ച് ഷാള്‍ പുതച്ച് നടത്തിയ പ്രതിഷേധം അശ്ലീലമെന്ന് കാണിച്ച് കേരള പോലീസ് ചുമത്തിയ കുറ്റം കോടതി റദ്ദാക്കി. ഇത്തരം പ്രതിഷേധങ്ങളെ നവീനരീതിയായി കാണണമെന്നും വിധി പ്രസ്ഥാവത്തില്‍ കോടതി വ്യക്തമാക്കി. അന്യായമായ സംഘം ചേരല്‍, പൊതു നിരത്തില്‍ അശ്ലീല പ്രദര്‍ശനം, കലാപത്തിനുള്ള ആഹ്വാനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകരായ കെകെ പ്രവിത, നന്ദിനി, ആശ, തെസ്‌നിഭാനു എംഎന്‍ ഉമ, സിഎല്‍ ജോളി, ജെന്നി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജസ്റ്റ്‌സ് അലക്‌സാണ്ടര്‍ തോമസ്സാണ് ഹരജി പരിഗണിച്ചത്. കേസ് ഇനിയും തുടര്‍ന്നുപോകുന്നത് നീതിയുടെ പരാജയവും കോടതി നടപടിയുടെ ദുരുപയോഗവുമാകുമെന്ന് കോടതി വിലയിരുത്തി. പൊലീസിലെ സദാചാര പൊലീസുകാരാണ് വിഷയത്തെ മോശമായി ചിത്രീകരിച്ചുകൊണ്ട് കേസെടുത്തത്.