കോഴിക്കോട്: ചെയ്ത ജോലിക്ക് വേതനം കിട്ടാത്ത ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായി കോഴിക്കോട് സൗത്തില്‍ മന്ത്രി എം കെ മുനീറിനെതിരെ മത്സരിക്കുന്ന ഇന്ത്യാവിഷന്‍ ഡ്രൈവര്‍ എ കെ സാജന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പിന്തുണ. മുനീര്‍ ചെയര്‍മാനായ ചാനലില്‍ 2014 ഒക്ടോബര്‍ മുതല്‍ 2015 ഫെബ്രുവരി വരെ ജോലി ചെയ്ത ഓരോ ജീവനക്കാരനും 60,000ത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലാണ് വേതനമായി കിട്ടാനുള്ളത്. ഇതിനെതിരെ നിരവധി സമരങ്ങളും ചര്‍ച്ചകളും നടന്നെങ്കിലും മുനീര്‍ പതിവ് കബളിപ്പിക്കല്‍ ആരംഭിച്ചപ്പോഴാണ് സാജന്‍ മത്സരത്തിനൊരുങ്ങിയത്. 2014ല്‍ അവസാനത്തില്‍ ഇന്ത്യാവിഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്ന സമയത്തുള്ള എ കെ സാജന്റെ ശ്രമകരമായ ദൗത്യത്തെക്കുറിച്ച് അന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിലുണ്ടായിരുന്ന സുജിത് ചന്ദ്രന്റെ എഫ് ബി പോസ്റ്റ് ഇതിനകം നൂറുകണക്കിനാളുകള്‍ ഷെയറു ചെയ്ത് കഴിഞ്ഞു. ആയിരക്കണക്കിന്് പേര്‍ സാജന് പിന്തുണയുമായി രംഗത്തുമുണ്ട്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ വലിയൊരു വിഭാഗമാണ് സാജനൊപ്പം അണിനിരക്കുന്നത്.
സുജിത് ചന്ദ്രന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
കോഴിക്കോട് ഇന്ത്യാവിഷനില്‍ ഡ്രൈവറായിരുന്ന എകെ സാജനെ എനിക്കറിയാം. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് ഓഫീസിന് തൊട്ടടുത്തുള്ള ഗാര്‍ളിക് റൂട്‌സ് ഓപ്പണ്‍ റസ്റ്ററന്റില്‍ ജ്യൂസ് കുടിക്കാനിരുന്ന ഉച്ചനേരങ്ങളുടെ വേനല്‍ച്ചൂടുള്ള ഓര്‍മ്മയോടൊപ്പമാണ് അങ്ങേര് ആദ്യം മനസ്സിലേക്ക് വരുന്നത്. റസ്റ്ററന്റിലെ സപ്ലയറും സുഹൃത്തുമായ വയനാടുകാരന്‍ ബിജുക്കുട്ടന്‍ ടേബിളില്‍ കൊണ്ടുവയ്ക്കാനിരിക്കുന്ന പൊമഗ്രനേറ്റ് ജ്യൂസിന്റെ സുഖദമായ ഓര്‍മ്മയില്‍ പെഡസ്റ്റല്‍ ഫാനിന്റെ കാറ്റുംകൊണ്ട് തണുക്കാനിരിക്കുന്‌പോള്‍, പച്ചയോല കത്തുന്ന ഉച്ചവെയിലില്‍ സാജന്‍ ചേട്ടന്‍ ചെറൂട്ടി റോഡില്‍നിന്ന് നാലാം ഗേറ്റ് നൂഴ്ന്ന് പായുന്നതുകാണാം. ഇന്ത്യാവിഷന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന അവസ്സാന കാലമായിരുന്നു അത്. മാസങ്ങളായി ജീവനക്കാരുടെ ശന്പളം മുടങ്ങിക്കിടക്കുന്നു. മിക്ക വാര്‍ത്തകളും ഇന്ത്യാവിഷനുവേണ്ടി കവര്‍ ചെയ്യാന്‍ ആളുണ്ടാവുമായിരുന്നില്ല. വെയിലത്ത് എകെ സാജന്‍ ആഞ്ഞുനടക്കുന്നത് മറ്റ് ചാനലാപ്പീസുകളിലേക്കാണ്. വിയര്‍ത്തൊട്ടിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരെട്ടു ജിബി പെന്‍ഡ്രൈവുകാണും, വാര്‍ത്താദൃശ്യങ്ങളുടെ കോപ്പിയെടുക്കാനുള്ള ഓട്ടമാണ്. വണ്ടിയില്‍ എണ്ണയടിക്കുന്നത് അരിഷ്ടിച്ചാണ്. ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ പകര്‍ത്താന്‍ വേണ്ടി വണ്ടിയെടുത്തുപോകുന്നത് തന്റെ സ്ഥാപനത്തിന്റെ അന്നത്തെ ധനസ്ഥിതിക്ക് ആര്‍ഭാടമാണെന്ന സ്വയം ബോധ്യത്തിലാണ് പൊരിവെയിലത്തെ ഈ കാല്‍നടസഞ്ചാരം.
ഇതിനിടെ നോട്ടം കൂട്ടിമുട്ടിയാല്‍ നെറ്റിയിലെ വിയര്‍പ്പുവടിച്ചെറിഞ്ഞ് നിറഞ്ഞുചിരിച്ച് എകെ സാജന്‍ കൈവീശിക്കാട്ടും. ‘വാ.. വെള്ളം കുടിച്ചിട്ടു പൂവാം’ ന്ന് കൈകാട്ടി വിളിച്ചാല്‍ രണ്ടുമണി ബുള്ളറ്റിന്‍ എന്നാംഗ്യം കാട്ടി ധൃതിപ്പെട്ട് നടത്തം തുടരും.
കോഴിക്കോട് ബ്യൂറോയിലെ മിക്ക റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും വിട്ടുപോയിരുന്നു. ഒട്ടുമിക്ക ജേണലിസ്റ്റുകളും ക്യാമറാമാന്‍മാരുമെല്ലാം സുരക്ഷിതമാളങ്ങള്‍ തേടിക്കൊണ്ടിരുന്ന അക്കാലത്തും കുടിശ്ശികയിനത്തില്‍ കിട്ടാനുള്ള പതിനായിരങ്ങളിലും (അതോ ലക്ഷങ്ങളോ?) മാനേജ്‌മെന്റിലും പ്രതീക്ഷയര്‍പ്പിച്ച് എകെ സാജന്‍ ഇന്ത്യാവിഷനൊപ്പം നിന്നു. ഒക്കെ ശരിയാവുമെന്ന് ഉറച്ചുവിശ്വസിച്ചു.
ഒരുമണി റൗണ്ടപ്പ് ബുള്ളറ്റിന്റെ തിരക്കൊഴിഞ്ഞാല്‍ മറ്റ് ചാനലുകളിലെ ഓട്ടപ്പാച്ചില്‍ ഒട്ടൊഴിയും. ആ സമയം നോക്കി ഇനി വരുന്ന ബുള്ളറ്റിനിലെങ്കിലും സ്വന്തം ചാനലില്‍ വാര്‍ത്ത കാണിക്കാന്‍ പെന്‍ഡ്രൈവുമായി വാര്‍ത്താദൃശ്യങ്ങള്‍ യാചിച്ച് ചാനലാപ്പീസുകളിലേക്ക് ഇന്ത്യാവിഷന്റെ അവസ്സാന വാര്‍ത്താബുളളറ്റിന്‍ വരെ സാജന്‍ ചേട്ടന്‍ ഓടിക്കൊണ്ടിരുന്നു…
ആ ആത്മാര്‍ത്ഥത അതേയളവില്‍ കാട്ടിയ വേറെയും ഒരുപാടുപേരുടെ കണ്ണീരും വിയര്‍പ്പുമായിരുന്നു ഇന്ത്യാവിഷന്റെ അക്കാലത്തെ ഓരോ വാര്‍ത്തയും. പഴയ ത്യാഗത്തിന്റെ ചക്കച്ചുളക്കഥകളുടെ വായിച്ചറിവേയുള്ളൂ. എന്നാല്‍ ഈ എഴുതിയത് എനിക്കു നേരിട്ടുബോധ്യമുള്ള കാര്യമാണ്.
അതേ എകെ സാജന്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ഡോ.എംകെ മുനീറിനെതിരെ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടത്രേ. ജയിക്കാനല്ലെന്ന് അങ്ങേര്‍ക്ക് നല്ല ഉറപ്പുണ്ടാകും. കെട്ടിവച്ച കാശും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടുതന്നെയാകും. പക്ഷേ വിശപ്പ് അങ്ങനെയാണ്, ജയിക്കുമെന്ന് ഒരുറപ്പുമില്ലെങ്കിലും തോല്‍ക്കാതിരിക്കാന്‍ മനുഷ്യരെ സമരസജ്ജരാക്കും. അത്തരക്കാരെ ലോകം അന്തസ്സുള്ളവര്‍ എന്നു വിളിക്കും.
സല്യൂട്ട് സാജന്‍ ചേട്ടന്‍.
തോല്‍ക്കുന്ന ഭാഗത്തിനും പടയാളികള്‍ വേണമല്ലോ…
Sajan Ak