ന്യൂഡല്‍ഹി: പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും രണ്ട് മാസത്തിനകം സമര്‍പ്പിക്കണം. അംബേദ്കര്‍ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹിക നീതി മന്ത്രാലയമാണ് പട്ടിക ജാതി പട്ടി വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് നവീകരിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈദ്യപരിശോധനയുടെ പിന്തുണ ആവശ്യമില്ലെന്നും ഇതാദ്യമായി വ്യവസ്ഥചെയ്തു.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് എതിരേയുള്ള ദാരുണമായ അതിക്രമങ്ങളില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ തന്നെ നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥയും ഭേദഗതിയില്‍ ഉണ്ട്. നഷ്ടപരിഹാര തുകയിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിലവില്‍ 75,000 മുതല്‍ 7,50,00 രൂപവരെ എന്നത് 85,000 മുതല്‍ 8,25,000 രൂപ വരെ എന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ചാണ് തുകയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, സാക്ഷികള്‍ എന്നിവര്‍ക്കു നീതി ലഭിച്ചിട്ടുണ്ടോ എന്ന് സംസ്ഥാന, ജില്ലാ, സബ് ഡിവിഷന്‍ തലങ്ങളിലെ സമിതികളില്‍ അതത് കാലയളവില്‍ യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തേണ്ടതുണ്ടെന്നും ഭേദഗതിയില്‍ പറയുന്നു.