ചുട്ടുപൊള്ളി കേരളം; താപനില അപകടകരമായി ഉയരുന്നു; പ്രതീക്ഷ വേനല്‍ മഴയില്‍

തിരുവനന്തപുരം: ഓരോ ദിനവുംകൂടുംതോറം താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കടുത്ത ചൂടില്‍ വേവുകയാണ് കേരളം. മണ്ണ് വേവുന്ന നാട്ടില്‍ വേനല്‍ മഴയ്ക്കായുള്ള പ്രതീക്ഷകള്‍ മാത്രം അവശേഷിക്കുന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ്. 39.2 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. കോഴിക്കോട് 38.9, കണ്ണൂര്‍ 37.7, കൊച്ചി 35.8, തിരുവനന്തപുരം 35.7 എന്നിങ്ങനെയാണ്. പുനലൂരില്‍ താപനില 35.6 ആയി കുറഞ്ഞു. അതേസമയം, 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ച്ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വരള്‍ച്ചാസാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരിയ തോതില്‍ പ്രതീക്ഷിച്ചിരുന്ന വേനല്‍മഴ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കിണറുകളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റുന്ന സാഹചര്യത്തില്‍ വരള്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നാണഅ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍, കനത്തചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്‌തെങ്കിലും താപനിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 2016 ലെ വേനല്‍ ഏറ്റവും ചൂടേറിയതെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രം വിലയിരുത്തുന്നത്. ലോകവ്യാപകമായും ഈ വര്‍ഷം ഉയര്‍ന്ന ചൂടുണ്ടാകും. പസഫിക് സമുദ്രത്തിനു മുകളില്‍ 2015ല്‍ ആരംഭിച്ച എല്‍നിനോ പ്രതിഭാസം തുടരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.