കണ്ണൂര്‍: കെസി ജോസഫ് സ്ഥാനാര്‍ത്ഥിയാക്കുന്നത് മണ്ഡലത്തില്‍ സമ്മതിക്കില്ലെന്ന് ഇരിക്കൂറുകാര്‍. കെസികെതിരെ റോഡ് തടയല്‍ സമരവും പോസ്റ്റര്‍ പ്രചാരണവും ശക്തമാകുന്നു. ജനരോഷം ശക്തമായത് കൊണ്ട് കുടുംബ യോഗങ്ങളിലും പങ്കെടുക്കാന്‍ കഴിയാതെയാണ് കെസി. കഴിഞ്ഞ ദിവസം ജനരോഷം ഭയന്ന് നെല്ലിക്കുന്ന് മേഖലയിലെ കുടുംബയോഗങ്ങളില്‍ പങ്കെടുക്കാതെ കെസി ജോസഫ് മടങ്ങി. റോഡ് വിഷയത്തിലുള്ള ജനരോഷം ഭയന്നാണെന്ന് സൂചന. മന്ത്രി വരുമെന്നറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കാത്തുനിന്നിരുന്നു.
ആലക്കോട്, നെല്ലിക്കുന്ന്, പാത്തന്‍പാറ റോഡ് തകര്‍ന്നിരിക്കുകയാണ്. അറ്റകുറ്റപണികളോ നടത്താത റോഡിലൂടെ യാത്ര ദുസഹമായതോടെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയില്ലാത്തതിനെ തുര്‍ന്ന് നെല്ലിക്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ കൂടുതലും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരാണ്. നൂലിട്ടാമല, നെല്ലിക്കുന്ന്, മോറാനി, മേലോരുംതട്ട് എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങള്‍ നടത്താനായിരുന്നു പദ്ധതി. അതേസമയം മന്ത്രി ഇവിടെ എത്തിയാല്‍ സ്ഥിതി മോശമാകുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കെസിയുടെ പിന്‍മാറ്റം. 35 വര്‍ഷക്കാലം ഇരിക്കൂറിന്റെ എംഎല്‍എ ആയി തുടരുന്ന ജോസഫിനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തു വന്നതോടെയായിരുന്നു പ്രതിഷേധം തുടങ്ങിയിരുന്നത്.