ചണ്ഡിഗഡ്: ദളിത് യുവതിയെ ഓഫീസില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. യുവതിയെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മാര്‍ച്ച് 25 നാണ് സംഭവം നടന്നതെങ്കിലും യുവതിയുടെ പരാതിയില്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയെ വലിച്ചിഴയ്ക്കുന്ന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാമെങ്കിലും വാഹനത്തില്‍ ആരെങ്കിലും ഉള്ളതായി വ്യക്തമല്ല. പഞ്ചാബിലെ മുക്ത്‌സറിലാണ് സംഭവം. ഓഫീസില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ആളൊഴിഞ്ഞ ഫാം ഹൗസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയെങ്കിലും കേസില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. യുവതി ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടാണ് നടപടിയുണ്ടാകാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.