കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വനില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിപിഎം പോളിംഗ് ഏജന്റായ എസ്‌കെ ഫസല്‍ ഹഖ്(56), ബുക്കിറാം ദല്‍(56) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം വീട്ടിലേക്കു മടങ്ങും വഴി ബര്‍ദ്വാനിലെ ലോധനയില്‍ വെച്ചാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചു. പശ്ചിമബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ബോംബേറിലാണ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. നദിയ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ മിക്ക സ്ഥലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.