വില്‍മിംഗ്ടണ്‍: അമേരിക്കയില്‍ സ്‌കൂള്‍ ബാത്‌റൂമില്‍ വെച്ച് ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. ആമി ജോയ്‌നര്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.15 നു വില്‍മിംഗ്ടണ്‍ ഡെലവെര്‍ ഹവാര്‍ഡ് ഹൈസ്‌സ്‌കൂളിലായിരുന്നു സംഭവം. മരണമടഞ്ഞ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയും സുഹൃത്തുക്കളും ഒരുമിച്ച് ആമിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഹെലികോപ്ടര്‍ മാര്‍ഗം ഡുപോണ്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.