കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. കൊല്‍ക്കത്ത നഗരത്തിന്റെ വടക്കുഭാഗം ഉള്‍പ്പെടെ മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലെ 62 നിയമസഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. 1.37 കോടി വോട്ടര്‍മാര്‍ക്കായി 13,645 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 418 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ പരാതിയുള്ള സാഹചര്യത്തില്‍ വന്‍സുരക്ഷയിലാണ് വോട്ടെടുപ്പ്.
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സി.പി.ഐ.എം സഖ്യം, ബിജെപി എന്നീ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള മല്‍സരമാണ് എല്ലാ മണ്ഡലങ്ങളിലും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം ദിനംപ്രതി ശക്തിപ്രാപിക്കുകയും പ്രമുഖനേതാക്കള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതിനാല്‍ ആത്മവിശ്വാസത്തിലാണ് ഇരുപാര്‍ട്ടികളിലെയും അണികള്‍. 418 സ്ഥാനാര്‍ഥികളില്‍ 34 പേര്‍ വനിതകളാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രിമാരായ ശശി പാഞ്ച, സാധന്‍ പാണ്ഡെ, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, അഞ്ചുതവണ കോണ്‍ഗ്രസ് എംഎല്‍എയായ എം.ഡി.സൊറാബ്, സി.പി.ഐ.എം നേതാവ് അനിസുറഹ്മാന്‍, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ നസറുല്‍ ഇസ്‌ലാം എന്നിവരാണ് ഇന്നു മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍. മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഷോകോസ് നോട്ടിസ് നല്‍കിയതിനെയും ഇതിനു ചീഫ് സെക്രട്ടറി ക്രമവിരുദ്ധമായി മറുപടി അയച്ചതുമെല്ലാം മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണവിഷയമായി.