കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ പിണറായിയുടെ പ്രയാണം. ജോര്‍ജ്ജിന്റെ പരാജയം ഉറപ്പാക്കണമെന്ന് നേതാക്കള്‍ക്ക് പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം. സിപിഎം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നേതാക്കള്‍ക്കാണ് പിണറായി നിര്‍ദേശം നല്‍കിയത്. ഈരാറ്റുപേട്ടയിലെ ഏരിയകമ്മിറ്റി ഓഫിസില്‍ പിണറായിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എന്നാല്‍ ടൗണില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുമായി പിസി ജോര്‍ജ് വോട്ട് തേടുന്നത് പിണറായി നേരിട്ട് കണ്ടു. തനിക്കുള്ള പിന്തുണ പിണറായിക്ക് കാണിച്ച് കൊടുക്കാനായിരുന്നു പിസി ജോര്‍ജിന്റെ നീക്കം. ജോര്‍ജിന് ഒരു വിഭാഗം രഹസ്യമായി പിന്തുണ നല്‍കുന്നുവെന്ന ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിമര്‍ശനം. പിസി ജോര്‍ജിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പിണറായിയുടെ പൂഞ്ഞാര്‍ സന്ദര്‍ശനം. പിസി ജോര്‍ജിന് സീറ്റ് നിഷേധിച്ചതില്‍ പിണറായിയുടെ കരങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ താന്‍ വിജയിച്ചാല്‍ വിഎസ് അച്യുതാനന്ദന് പിന്തുണ നല്‍കുമെന്ന് ജോര്‍ജ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിഎസുമായുള്ള ജോര്‍ജ്ജിന്റെ അടുപ്പമാണ് പിണറായിയെ ആശങ്കാകുലനാക്കുന്നതെന്നാണ് വിവരം.