ഇസ്ലാമബാദ്: ന്യുക്ലിയര്‍ സപ്ലയിംഗ് ഗ്രൂപ്പില്‍ ഇന്ത്യ അംഗമാകാന്‍ ചൈന അനുവദിക്കില്ലെന്ന് മുന്‍ പാക് അംബാസഡര്‍ സമീര്‍ അക്രം. ഇന്ത്യയെ എന്‍ എസ് ജിയില്‍ പെടുത്തിയാല്‍ പാക് -ചൈന ആണവ ബന്ധത്തെ അത് ബാധിക്കുമെന്നതാണ് ചൈനയുടെ നിലപാടിനു പിന്നില്‍. ഇന്ത്യക്ക് ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് സമീര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗവും ആയുധനിര്‍വ്യാപന കോണ്‍ഗ്രസില്‍ അംഗവുമായിരുന്ന സമീര്‍ ബുധനാഴ്ച്ചയാണ് ചൈന-പാക് ആണവ ബന്ധത്തെ സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ മാസം രണ്ടാം തവണയാണ് എന്‍എസ്ജിയിലെ ഇന്ത്യന്‍ സാധ്യതകള്‍ സംബന്ധിച്ച് പാക് ഉന്നത വൃത്തങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നത്. തങ്ങളുടെ സുഹൃത്തുക്കള്‍ ഇന്ത്യയുടെ പ്രവേശനത്തെ അനുവദിക്കില്ല എന്ന് മുന്‍ ദേശീയ കമ്മാന്റന്റ് അതോറിറ്റി ഉപദേശകന്‍ ഖാലിദ് കിദ്വായ് മുമ്പ് പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല.