ബെയ്ജിങ്: റെയില്‍വേ ട്രാക്കിന് സമീപം നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ചൈനയില്‍ പെണ്‍കുട്ടി ട്രെയിനിടിച്ച് മരിച്ചു. ഫോഷാന്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ 19 കാരിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ട്രെയിന്റെ ചിത്രം പകര്‍ത്തുകയായിരുന്ന ഒരു സംഘം വിനോദസഞ്ചാരികള്‍ ട്രെയിന്‍ വരുന്ന വിവരം പെണ്‍കുട്ടിയെ വിളിച്ചെങ്കിലും പെണ്‍കുട്ടി അതു കേള്‍ക്കാതെ സെല്‍ഫിയെടുക്കുന്നത് തുടരുകയായിരുന്നു. പെണ്‍കുട്ടി ട്രാക്കിനോട് വളരെ അടുത്തായിരുന്നു നിന്നതെന്നും വിളിച്ച് പറഞ്ഞത് കേട്ടുകാണില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം നടന്ന സ്ഥലത്ത് നൂറു ചതുരശ്രകിലോമീറ്ററുകളോളം റോസാപ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ട്. അവിടെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് പലരും ചിത്രങ്ങള്‍ എടുക്കുന്നതും പതിവാണ്. നേരത്തെയും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചു.