കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമെന്ന് ആരോപിച്ചാണ് മാഗസിനിനെതിരെ എബിവിപി യുദ്ധം പ്രഖ്യാപിച്ചത്. ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറക്കുമെന്ന് ഡിസി ബുക്‌സ് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ക്യാമ്പസുകളില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഡിസി ബുക്ക്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നത്. മാഗസിനിനെതിരെ എബിവിപ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മാഗസിന്‍ ചുട്ടെരിച്ച പ്രവര്‍ത്തകരുടെ പരാതിയില്‍ കസബ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ഗുരുവായൂരപ്പന്‍ കോളജിലെ എബിവിപി പ്രവര്‍ത്തകരായ സി ശ്രീജിത്ത്, ഇകെ ഹരിപ്രസാദ് വര്‍മ, കെടി ശ്യാംശങ്കര്‍, പി വൈശാഖ്, ടി സായൂജ്യ എന്നിവരാണ് പരാതി നല്‍കിയത്.
മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് പൊലീസ് നിയമോപദേശം തേടി. മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളേജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മാഗസിന്‍ അച്ചടിച്ച പ്രസ് പൊലീസ് സംഘം പരിശോധിച്ചു. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസിനിലുള്ളതെന്നും ഏപ്രില്‍ നാലിന് നല്‍കിയ പരാതിയില്‍ പറയുന്നു. മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍സ്റ്റോറി. സവര്‍ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് കഴുമരമെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന കോളേജ് യൂനിയനാണ് മാഗസിന്‍ തയാറാക്കിയത്. ദേശവിരുദ്ധമെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച മാഗസിന്‍ കത്തിച്ചിരുന്നു.